ഹൈദരാബാദ്: ഐ.പി.എല്‍ പത്താം സീസണില്‍ എം.എസ് ധോനിയുടെ കരുത്തില്‍ റെയ്സിങ് പുണെ സൂപ്പര്‍ജയന്റ് ചാമ്പ്യന്മാരാകുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്. പ്ലേഓഫിലെ ക്വാളിഫയര്‍ ഒന്നില്‍ മുംബൈക്കെതിരെ നേടിയ വിജയം പുണെയുടെ ആത്മവിശ്വാസം കൂട്ടും. ഫൈനലിലും ഈ പ്രകടനം ആവര്‍ത്തിക്കാനുള്ള കഴിവ് പുണെയ്ക്കുണ്ടെന്നും അസ്ഹറുദ്ദീന് വ്യക്തമാക്കി.
ക്യാപ്റ്റനെന്ന നിലയില്‍ ഐ.പി.എല്‍ കിരീടമുയര്‍ത്തിയ ധോനിക്ക് കളിക്കാരനായും കിരീടം നേടാനാകും. അവസാന രണ്ട് ഓവറുകളില്‍ 40 റണ്‍സടിച്ച ധോനിയുടെ ബാറ്റിങ് പ്രതീക്ഷ നല്കുന്ന ഘടകമാണ്. അതേസമയം ബെന്‍ സ്റ്റോക്ക്സിന്റെ അഭാവം പുണെയ്ക്ക് ക്ഷീണമുണ്ടാക്കും. അസ്ഹറുദ്ദീന് ചൂണ്ടിക്കാട്ടി.
പുണെയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ധോനിയെ നീക്കിയ നടപടിയും അസ്ഹറുദ്ദീന് വിമര്‍ശിച്ചു. അത് അപമാനകരവും മൂന്നാംകിടയുമായിരുന്നുവെന്നും നായകസ്ഥാനത്ത് നിന്ന് നീക്കുമ്പോള്‍ ധോനിയുടെ വിശ്വാസ്യതയും നിലയും പുണെ ഉടമസ്ഥര്‍ നോക്കേണ്ടതായിരുന്നുവെന്നും അസ്ഹറുദ്ദീന് വ്യക്തമാക്കി.