മുംബൈ: നല്ലതുടക്കം കിട്ടിയിട്ടും അതു മുതലാക്കാന്‍ ചാമ്പ്യന്മാരായ ഹൈദരാബാദ് സണ്‍റൈസേഴ്സിനായില്ല. പത്താം ഐ.പി.എല്ലില്‍ ബുധനാഴ്ച നടന്ന കളിയില്‍ ആതിഥേയരും രണ്ടുവട്ടം ചാമ്പ്യന്മാരുമായ മുംബൈ ഇന്ത്യന്‍സാണ് ഹൈദരാബാദിനെ തളച്ചത്. ഒരു ഘട്ടത്തില്‍ ഒന്നിന് 105 എന്ന നിലയിലായിരുന്ന ഹൈദരാബാദ് പിന്നീട് 53 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഏഴു വിക്കറ്റുകള്‍ വലിച്ചെറിഞ്ഞു.

ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും (34 പന്തില്‍ 49) ശിഖര്‍ ധവാനും (43 പന്തില്‍ 48) ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 81 റണ്‍സ് ചേര്‍ത്ത് ഇന്നിങ്സിന് അടിത്തറ നല്കിയതാണ്. പക്ഷേ, പിന്നാലെ വന്നവര്‍ നിരാശപ്പെടുത്തി. മൂന്നു പേരേ ഹൈദരാബാദ് നിരയില്‍ രണ്ടക്കം കടന്നുള്ളൂ. ഓപ്പണര്‍മാര്‍ക്കു പുറമെ, ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ബെന്‍ കട്ടിങ്ങാണ് (10 പന്തില്‍ 20) മറ്റൊരുതാരം.

മുംബൈയ്ക്കുവേണ്ടി ബൗളിങ് ഓപ്പണ്‍ ചെയ്ത വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് വാര്‍ണറുടെയും ദീപക് ഹൂഡ(9)യുടെയും വിക്കറ്റുതെറിപ്പിച്ച് മുംബൈയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ജസ്പ്രീത് ബുംറ മധ്യനിരയെ പിഴുതെറിഞ്ഞു. നാലോവറില്‍ 24 റണ്‍ വിട്ടുകൊടുത്ത് ബുംറ മൂന്നുവിക്കറ്റ് വീഴ്ത്തി. അവസാന ഓവറുകളില്‍ യോര്‍ക്കറും സ്ലോ ബോളുകളുമെറിഞ്ഞ് ബുംറ ബാറ്റ്സ്മാന്മാരുടെ താളം തെറ്റിച്ചു. ലസിത് മലിംഗ, ഹര്‍ദിക് പാണ്ഡ്യ, മക്ലേനഗന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

മൂന്ന് മത്സരങ്ങള്‍ വീതം കളിച്ച മുംബൈയും ഹൈദരാബാദും രണ്ടു മത്സരങ്ങളിലാണ് ജയിച്ചത്.