സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന താരമാണ് നിധീഷ് റാണ. വാംഖെഡെ സ്റ്റേഡിയത്തില്‍ നടന്ന രണ്ടു മത്സരങ്ങളിലും മുംബൈയുടെ വിജയം നിര്‍ണയിച്ച രണ്ടിന്നിങ്‌സുകളും റാണെയുടെ ബാറ്റില്‍ നിന്നാണ് പിറന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 45 റണ്‍സാണ് റാണയുടെ ബാറ്റില്‍ നിന്ന് പിറന്നത്. 

ആഭ്യന്തര ക്രിക്കറ്റില്‍ മോശം പ്രകടനത്തിന് ശേഷമാണ് റാണ ഐ.പി.എല്ലില്‍ ഫോമിലേക്കുയര്‍ന്ന് തിരിച്ചുവരവ് നടത്തിയത്. മോശം കളിയെത്തുടര്‍ന്ന് ഡല്‍ഹിയുടെ രഞ്ജി ടീമില്‍ നിന്ന് വരെ റാണയെ ഒഴിവാക്കിയിരുന്നു,

തന്റെ ഈ തിരിച്ചുവരവിനുള്ള ക്രെഡിറ്റ് മുഴുവന്‍ റാണ നല്‍കുന്നത് സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും ഗൗതം ഗംഭീറിനുമാണ്. ഡല്‍ഹി ടീമിലെ സീനിയറായിരുന്ന ഗംഭീര്‍ നല്‍കിയ ഉപദേശങ്ങള്‍ വളരെ വിലപ്പെട്ടതായിരുന്നുവെന്ന് റാണ പറയുന്നു. താന്‍ പ്രതിസന്ധി ഘട്ടത്തിലായിരുന്ന സമയത്ത് ഏറ്റവും കൂടുതല്‍ സഹായിച്ചത് ഗംഭീറായിരുന്നുവെന്നും റാണ വ്യക്തമാക്കുന്നു.

''രഞ്ജി ടീമില്‍ നിന്ന് എന്നെ ഒഴിവാക്കിയ സമയത്ത് ഞാന്‍ ഗംഭീറിനോട് സംസാരിച്ചു. വ്യക്തത കൈവരാത്ത ഒരുപാട് കാര്യങ്ങളെക്കുറിച്ച് ഗംഭീറുമായി സംസാരിച്ചു. ഗംഭീര്‍ പറഞ്ഞുതന്ന കാര്യങ്ങള്‍ പരീക്ഷിച്ചു. ഐ.പി.എല്ലില്‍ കളിക്കുന്നതിനിടയില്‍ അത് വിജയകരമാകുകയും ചെയ്തു.'' ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷം റാണ പറഞ്ഞു.

''ഒരുപാട് കാര്യങ്ങള്‍ ആലോചിച്ച് മാനസികമായി ആകെ തകര്‍ന്ന സമയമായിരുന്നു അത്. എനിക്ക് എന്റെ സ്വാഭാവികമായി കളി പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. കളി ആസ്വദിക്കാനും കഴിഞ്ഞിരുന്നില്ല. മുംബൈ ഇന്ത്യന്‍സിലെത്തിയ ശേഷം ഒരുപാട് മാറ്റങ്ങള്‍ വന്നു. സച്ചിന്റെ സാന്നിധ്യവും കരുത്തു പകര്‍ന്നു'' റാണ പറയുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ നിധീഷ് റാണ അര്‍ധസെഞ്ചുറി നേടിയിരുന്നു.