പുണെ: ഒടുവില്‍ ധോനി ആരാധകര്‍ കാത്തിരുന്ന ആ നിമിഷമെത്തി. ഐ.പി.എല്‍ പത്താം സീസണില്‍ ക്യാപ്റ്റന്‍ കൂള്‍ ഫോമിലേക്കുയര്‍ന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പുണെ സൂപ്പര്‍ജയന്റിന് ആറു വിക്കറ്റ് വിജയം. 177 റണ്‍സ് വിജയലക്ഷ്യുവുമായി ഇറങ്ങിയ പുണെയ്ക്കായി അവസാന പന്ത് ബൗണ്ടറി കടത്തി ധോനിയാണ് വിജയമൊരുക്കിയത്. 

34 പന്തില്‍ അഞ്ചു ഫോറിന്റെയും മൂന്നു സിക്‌സിന്റെയും സഹായത്തോടെ പുറത്താകാതെ 61 റണ്‍സ് നേടിയ ധോനി ഒരിക്കല്‍ കൂടി താന്‍ ഒരു മികച്ച ഫിനിഷറാണെന്ന് തെളിയിച്ചു. അഞ്ചാം വിക്കറ്റില്‍ മനോജ് തിവാരിക്കൊപ്പം ധോനി 3.5 ഓവറില്‍ 58 റണ്‍സാണ് അടിച്ചെടുത്തത്. തിവാരി എട്ടു പന്തില്‍ 17 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 

നേരത്തെ ഓപ്പണര്‍ രാഹുല്‍ ത്രിപതിയാണ് പുണെയുടെ ഇന്നിങ്‌സിന് അടിത്തറ നല്‍കിയത്. 41 പന്തില്‍ 59 റണ്‍സടിച്ച ത്രിപതി റണ്‍ഔട്ടാകുകയായിരുന്നു. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് 27 റണ്‍സടിച്ചു. 

28 പന്തില്‍ ആറു ബൗണ്ടറിയും രണ്ട് സിക്‌സുമുള്‍പ്പെടെ 55 റണ്‍സുമായി വെടിക്കെട്ട് പ്രകടനം നടത്തിയ മോയിസ് ഹെന്റിക്വസ് ആണ് ഹൈദരബാദിന്റെ സ്‌കോര്‍ 150 കടത്തിയത്. ഡേവിഡ് വാര്‍ണര്‍ 43 പന്തില്‍ 40 റണ്‍സടിച്ചപ്പോള്‍ ധവാന്‍ 30 റണ്‍സ് നേടി. ജയത്തോടെ പുണെയ്ക്ക് ആറു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റായി.