ബെംഗളൂരു: ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്തയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍ പ്രവേശിച്ചു. കൊല്‍ക്കത്ത ഉയര്‍ത്തിയ 108 റണ്‍സ് വിജയ ലക്ഷ്യം 33 പന്തുകള്‍ ശേഷികെ മുംബൈ മറികടക്കുകയായിരുന്നു. ക്രുണാല്‍ പാണ്ഡ്യ (30 ബോളില്‍ 42), റോഹിത് ശര്‍മ്മ ( 24 ബോളില്‍ 26 ) എന്നിവരാണ് മുംബൈ നിരയില്‍ തിളങ്ങിയത്. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗംഭീറും സംഘവും 18.5 ഓവറില്‍ 107 റണ്‍സിന് പുറത്തായി. നാലോവറില്‍ 16 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത കരണ്‍ ശര്‍മയും മൂന്നോവറില്‍ ഏഴ് റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുമാണ് കൊല്‍ക്കത്തയെ തകര്‍ത്തത്. മിച്ചല്‍ ജോണ്‍സണ്‍ രണ്ടും ലസിത് മലിംഗ ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.

KKR

ഒരു ഘട്ടത്തില്‍ അഞ്ചിന് 31 എന്ന നിലയില്‍ തകര്‍ന്ന അവരെ ആറാം വിക്കറ്റില്‍ 56 റണ്‍സ് ചേര്‍ത്ത ഇഷാങ്ക് ജഗ്ഗി-സൂര്യകുമാര്‍ യാദവ് സഖ്യമാണ് നൂറ് കടക്കാന്‍ സഹായിച്ചത്. ജഗ്ഗി 31 പന്തില്‍ മൂന്ന് ബൗണ്ടറി ഉള്‍പ്പെടെ 28 റണ്‍സും സൂര്യകുമാര്‍ 25 പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെ 31 റണ്‍സുമെടുത്തു.

പതിനഞ്ചാം ഓവറില്‍ ജഗ്ഗി മടങ്ങിയതോടെ അവസാന അഞ്ചു വിക്കറ്റുകള്‍ 20 റണ്‍സിനിടെ നഷ്ടപ്പെടുകയായിരുന്നു. ഗംഭീര്‍ (12), നരെയ്ന്‍ (10) എന്നിവരാണ് കൊല്‍ക്കത്ത നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍.