മുംബൈ: തന്നെ പരിഹസിച്ച കമന്റേറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് മുംബൈ ഇന്ത്യന്‍സിന്റെ വെസ്റ്റിന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡ്. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ കമന്ററി ബോക്‌സിലിരുന്ന് തന്നെ കളിയാക്കിയ മഞ്ജരേക്കര്‍ക്ക് ട്വീറ്റിലൂടെയാണ് പൊള്ളാര്‍ഡ് മറുപടി നല്‍കിയത്.

മുംബൈ ഇന്ത്യന്‍സിനായി മൂന്നാം നമ്പറിലിറങ്ങിയ പൊള്ളാര്‍ഡിന് ഏഴ് ഓവറോളം ബാറ്റ് ചെയ്തിട്ടും എടുക്കാനായാത് 17 റണ്‍സ് മാത്രമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മഞ്ജരേക്കര്‍ നടത്തിയ പ്രസ്താവനയാണ് പൊള്ളാര്‍ഡിനെ ദേഷ്യം പിടിപ്പിച്ചത്.

മത്സരത്തെ വിശകലനം ചെയ്യാനുള്ള ബുദ്ധിയും മുന്‍നിര ബാറ്റ്‌സ്മാനായി തിളങ്ങാനുള്ള പക്വതയും പൊള്ളാര്‍ഡിന് ഇല്ലെന്നായിരുന്നു മഞ്ജരേക്കറുടെ പ്രസ്താവന.അതിനാല്‍ നേരത്തെ ഇറങ്ങാതെ മധ്യനിരയില്‍ കളിക്കുന്നതാണ് പൊള്ളാര്‍ഡിന് നല്ലതെന്നും മഞ്ജരേക്കര്‍ പറഞ്ഞു. പൊള്ളാര്‍ഡിന്റെ മികച്ച ബാറ്റിങ് പൊസിഷന്‍ ഏതാണെന്ന സഹകമന്റേറ്ററുടെ ചോദ്യത്തിന് മറുപടിയായാണ് മഞ്ജരേക്കര്‍ ഇങ്ങനെ പറഞ്ഞത്.

മത്സരശേഷം ട്വിറ്ററിലൂടെയാണ് പൊള്ളാര്‍ഡ് ഇതിന് മറുപടി നല്‍കിയത്. ''മഞ്ജരേക്കര്‍, നിങ്ങളുടെ വായില്‍ നിന്ന് പോസിറ്റീവായ കാര്യങ്ങള്‍ എന്തെങ്കിലും വരുമോ? കമന്റിറി പറയുന്നതിന് നിങ്ങള്‍ക്ക് കാശ് കിട്ടുന്നതിനാല്‍ നിങ്ങളുടെ വാക്ക് കൊണ്ടുള്ള വിസര്‍ജ്ജനം തുടര്‍ന്നോളൂ'' ഇതായിരുന്നു പൊള്ളാര്‍ഡിന്റെ ആദ്യ ട്വീറ്റ്. 

ഇതുകൊണ്ടും പൊള്ളാര്‍ഡിന്റെ ദേഷ്യം തീര്‍ന്നില്ല. വാക്കുകള്‍ക്ക് വളരെ ശക്തിയുണ്ടെന്നും ഒരിക്കല്‍ പറഞ്ഞതൊന്നും തിരിച്ചെടുക്കാന്‍ കഴിയില്ലെന്നും പൊള്ളാര്‍ഡ് വീണ്ടും ട്വീറ്റ് ചെയ്തു. എല്ലാം മാതാപിതാക്കളുടെ പാപഫലമാണെന്ന് പറഞ്ഞാണ് പൊള്ളാര്‍ഡ് ട്വീറ്റ് അവസാനിപ്പിക്കുന്നത്.