ണ്‍റൈസസ് ഹൈദരാബാദിനെതിരെ പുണെ റൈസിങ് ജയന്റിന് എം.എസ്. ധോനി സമ്മാനിച്ച ആ അവസാന പന്ത് വിജയം ഒരുപാട് പേര്‍ക്കുള്ള മറുപടിയായിരുന്നു. ഒരുപാട് ആശങ്കകള്‍ക്കുള്ള ഉത്തരമായിരുന്നു.

ആവേശകരമായ ഈ ഇന്നിങ്‌സ് കൊണ്ട് ഇപ്പോള്‍ വിമര്‍ശകര്‍ക്കും ധോനി ഹേറ്റേഴ്‌സിനും മറുപടി കൊടുത്തുകൊണ്ടിരിക്കുകയാണ് ധോനിയുടെ ആരാധകര്‍. വെള്ളിത്തിരയില്‍ ധോനിയായി നിറഞ്ഞാടിയ സുശാന്ത് സിങ് രാജ്പുത് ഈ ഇന്നിങ്‌സ് കൊണ്ട് ലക്ഷ്യമിട്ടത് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ തന്നെയാണ്. ഇപ്പോള്‍ എന്തു പറയുന്നു... എവിടെ പോയി വിദഗ്ദ്ധര്‍.... മഹീ.... നിങ്ങളെയോര്‍ത്ത് അഭിമാനം കൊള്ളുന്നു-ഗാംഗുലിയുടെ പേര് പരാമര്‍ശിക്കാതെ സുശാന്ത് ട്വീറ്റ് ചെയ്തു.

ധോനി നല്ലൊരു ടി 20 കളിക്കാരനാണോ എന്നെനിക്ക് ഉറപ്പില്ല.അദ്ദേഹം നല്ലൊരു ഏകദിന കളിക്കാരനാണ്. എന്നാല്‍, ടി20യുടെ കാര്യം വരുമ്പോള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയ്ക്ക് ഒരൊറ്റ അര്‍ധശതകം മാത്രമാണ് സ്വന്തമാക്കിയത്. അതൊരു നല്ല റെക്കോഡല്ല. എന്ന സൗരവ് ഗാംഗുലിയുടെ അഭിപ്രായപ്രകടനത്തിനുള്ള മറുപടിയായിട്ടായിരുന്നു സുശാന്തിന്റെ മുന വെച്ച ട്വീറ്റ്.

ഇത്രയേറെ വിമര്‍ശനങ്ങള്‍ നേരിടുന്നത് തന്നെ ധോനിയുടെ ക്ലാസിനെയാണ് കാണിക്കുന്നതെന്ന് നേരത്തെ മറ്റൊരു ട്വീറ്റില്‍ സുശാന്ത് പറഞ്ഞിരുന്നു.

മോശപ്പെട്ട ഫോമിന് നിരന്തരം വിമര്‍ശിക്കപ്പെട്ടുപോന്ന ധോനി അഞ്ച് ബൗണ്ടറിയും 3 സിക്‌സും അടക്കം 34 പന്തില്‍ നിന്ന് 61 റണ്‍സെടുത്താണ് പുണെയെ വിജയിപ്പിച്ചത്. അതുവരെയുള്ള അഞ്ച് മത്സരങ്ങളില്‍ നിന്ന് ആകെ 61 റണ്‍സായിരുന്നു ധോനി നേടിയിരുന്നത്. മുന്‍ ടീം നായകന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാവട്ടെ 28 ആയിരുന്നുതാനും. ഈ നിറംകെട്ട ഫോമാണ് ഒരൊറ്റ ഇന്നിങ്‌സ് കൊണ്ട് ധോനി മായ്ച്ചുകളഞ്ഞത്.

ഈ ഇന്നിങ്ിന്റെ പേരില്‍ വിരാട് കോലി, സ്റ്റീവന്‍ സ്മിത്ത് തുടങ്ങിയവര്‍ ധോനിയെ പ്രശംസ കൊണ്ട് മൂടിയിരുന്നു. ഇതിനുശേഷമാണ് ഗാംഗുലിക്കുള്ള ഒരു കൊട്ടും കൂടി ചേര്‍ത്തുകൊണ്ടുള്ള സുശാന്തിന്റെ ട്വീറ്റ് വരുന്നത്.