ന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മലയാളി സെഞ്ചൂറിയന്‍ സഞ്ജൂ വി സാംസണ് ഐ.പി.എല്ലിലെ ആദ്യ സെഞ്ചൂറിയന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ അഭിനന്ദനം. 2008ല്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി 73 പന്തില്‍ നിന്ന് 158 റണ്‍സാണ് മക്കല്ലം അടിച്ചെടുത്തത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 13 സിക്‌സും 10 ഫോറും മക്കല്ലത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു.

പുണെയില്‍ സഞ്ജുവും ബാറ്റുകൊണ്ട് തകര്‍ത്താടിയപ്പോള്‍ മക്കല്ലം ട്വിറ്ററില്‍ ഇങ്ങനെ എഴുതി'' സഞ്ജു കളിക്കുന്നത് കാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. അവന് നല്ല കഴിവുണ്ട്.'' 

മക്കല്ലത്തിന് പിന്നാലെ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍.അശ്വിനും അഭിനന്ദനവുമായെത്തി. ഇത് സഞ്ജുവിന്റെ വര്‍ഷമാണെന്നും അവന്റെ കരിയറിലെ വഴിത്തിരിവാണെന്നുമായിരുന്നു അശ്വിന്റെ ട്വീറ്റ്. 

62 പന്തില്‍ നിന്നായിരുന്നു സഞ്ജുവിന്റെ അവിസ്മരണീയ സെഞ്ചുറി ഇന്നിങ്‌സ്. ഐ.പി.എല്ലില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സഞ്ജു നേടി. 19ാം വയസ്സില്‍ സെഞ്ചുറി അടിച്ച മനീഷ് പാണ്ഡെയാണ് ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയന്‍.