ബെംഗളൂരു: ഐപിഎല്ലിലെ നിര്‍ണായകമായ എലിമിനേറ്റര്‍ മത്സരത്തില്‍ ഹൈദരാബാദിനെ തകര്‍ത്ത് കൊല്‍ക്കത്ത രണ്ടാം എലിമിനേറ്ററിന് യോഗ്യത നേടി. മഴമൂലം പുതുക്കി നിശ്ചയിച്ച മത്സരത്തില്‍ ആറ് ഓവറില്‍ 48 റണ്‍ണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത കൊല്‍ക്കത്ത മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം കാണുകയായിരുന്നു. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ എടുക്കാനായത് 128 റണ്‍സ് മാത്രമാണ്. തുടക്കം മുതല്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാണിച്ച കൊല്‍ക്കത്ത ബൗളര്‍മാര്‍ക്ക് മുന്നില്‍ ഹൈദരാബാദ് നിരയില്‍ ആര്‍ക്കും ശോഭിക്കാനായില്ല. 

13 പന്തില്‍ 11 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ 25 റണ്‍സില്‍ മടങ്ങിയപ്പോള്‍ രണ്ടാം വിക്കറ്റില്‍ 50 റണ്‍സ് കൂട്ടിച്ചേര്‍ത്ത വാര്‍ണര്‍-വില്ല്യംസണ്‍ സഖ്യമാണ് ഹൈദരാബാദിന് ആശ്വാസമായത്. എന്നാല്‍ മൂന്ന് പന്തിനിടെ വില്ല്യംസണെയും (26 പന്തില്‍ 24) വാര്‍ണറെയും (35 പന്തില്‍ 37) പുറത്താക്കി കൊല്‍ക്കത്ത മത്സരം വീണ്ടും തങ്ങളുടെ വരുതിയിലാക്കി. യുവരാജ് 9 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ വിജയ് ശങ്കര്‍ (17 പന്തില്‍ 22), നമാന്‍ ഓജ (16 പന്തില്‍ 16) എന്നിവരുടെ പ്രകടനം വലിയ സ്‌കോര്‍ നേടാന്‍ പര്യാപ്തമായില്ല.

കൊല്‍ക്കത്തയ്ക്കായി ഉമേശ് യാദവ് 21 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. പിയൂഷ് ചൗള, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ക്കും രണ്ട് വിക്കറ്റുണ്ട്. സുനില്‍ നരെയ്ന്‍, യൂസുഫ് പത്താന്‍, കോള്‍ട്ടര്‍ നെയ്ല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. ആദ്യ ഇന്നിങ്സിന് ശേഷമെത്തിയ മഴ മൂലം കൊല്‍ക്കത്തയുടെ വിജയലക്ഷ്യം പുതിക്കി നിശ്ചയിക്കുകയായിരുന്നു. 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍ ക്രിസ് ലിന്‍ (രണ്ടു പന്തില്‍ ആറ്), യൂസഫ് പത്താന്‍ (0), റോബിന്‍ ഉത്തപ്പ (രണ്ടു പന്തില്‍ ഒന്ന്) എന്നിവര്‍ തുടക്കത്തിലെ പുറത്തായത് അവരെ സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍, നാലാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഗംഭീര്‍-ഇഷാങ്ക് ജാഗി സഖ്യം കൊല്‍ക്കത്തയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. 19 പന്തുകള്‍ നേരിട്ട ഗംഭീര്‍ രണ്ടു വീതം സിക്‌സും ബൗണ്ടറിയുമുള്‍പ്പെടെ 32 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. എട്ടു പന്തില്‍ അഞ്ചു റണ്‍സെടുത്ത ജാഗി ഗംഭീറിന് പിന്തുണ നല്‍കി.

ഇതോടെ ഹൈദരാബാദ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. കൊല്‍ക്കത്ത ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ പുണെയോട് തോറ്റ മുംബൈ ഇന്ത്യന്‍സിനെ നേരിടും. പുണെ ഫൈനല്‍ പ്രവേശനം നേടിയിട്ടുണ്ട്.