ന്യൂഡല്‍ഹി: ഐപിഎലിലെ ആവേശം നിറഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് ആറു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് യുവരാജ് സിങിന്റെ ബാറ്റിങ് മികവില്‍ നേടിയ 185 റണ്‍സ് അഞ്ചു പന്ത് ശേഷിക്കെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് മറികടക്കുകയായിരുന്നു. 

ഡല്‍ഹിക്കായി ഓപ്പണ്‍ ചെയ്ത മലയാളി താരങ്ങളായ സഞ്ജു സാംസണും ക്യാപ്റ്റന്‍ കരുണ്‍ നായരും അടക്കം ബാറ്റിങ്ങിനെത്തിയവരെല്ലാം മികവ് പുലര്‍ത്തി. 24 പന്തില്‍ നിന്ന് 41 റണ്‍സ് നേടി ആന്‍ഡേഴ്‌സണും 7 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത ക്രിസ് മോറിസും പുറത്താകാതെ ടീമിനെ വിജയത്തിലേക്കെത്തിച്ചു. സഞ്ജു 24(19), കരുണ്‍ നായര്‍ 39(20), ഋഷഭ് പന്ത് 34(20), ശ്രേയസ് അയ്യര്‍ 33(25) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍.

41 പന്തില്‍ പുറത്താകാതെ 70 റണ്‍സ് നേടിയ യുവരാജ് സിങ്ങിന്റെ മികവിലാണ് ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടിയത്. 11 ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെയായിരുന്നു യുവരാജിന്റെ ഇന്നിങ്സ്. 

yuvraj singh
മികച്ച തുടക്കമാണ് ഹൈദരാബാദിന് ലഭിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ ഡേവിഡ് വാര്‍ണറും ശിഖര്‍ ധവാനും 53 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. പിന്നീട് നാലാം വിക്കറ്റില്‍ യുവരാജ് സിങ്ങും മാറ്റ് ഹെന്റിക്വസും 50 പന്തില്‍ നിന്ന് 93 റണ്‍സടിച്ച് ഹൈദരാബാദിന്റെ സ്‌കോര്‍ 185ല്‍ എത്തിക്കുകയായിരുന്നു. ഡല്‍ഹിക്കായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തി. സഹീര്‍ ഖാന്റെ അഭാവത്തില്‍ കരുണ്‍ നായരാണ് ഡല്‍ഹിയെ നയിച്ചത്.