ബെംഗളൂരു: ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ച്‌ഴേസ് ബാംഗ്ലൂരിന്റെ പതനം വ്യഖ്യാനിക്കാന്‍ കഴിയാത്തതാണെന്നും ഒരു സീസണില്‍ ഒരും ടീം ഇത്തരത്തില്‍ തകര്‍ന്നടിയുന്നത് കണ്ടിട്ടില്ലെന്നും ടീം ക്യാപ്റ്റന്‍ വിരാട് കോലി. ഇതുപോലെയുള്ള സമയങ്ങളില്‍ എന്തു ചെയ്യണമെന്ന് നമുക്ക് മനസ്സിലാകില്ലെന്നും കോലി വ്യക്തമാക്കി. കിങ്‌സ് ഇലന്‍ പഞ്ചാബുമായി നടന്ന മത്സരത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു കോലി.

''ഒരിക്കല്‍ കൂടി ഞങ്ങള്‍ ബാറ്റിങ്ങില്‍ പരാജയമായി. ഒരു സീസണില്‍ ഒരു ടീം ഇങ്ങനെ തോല്‍ക്കുന്നത് ആദ്യമായാണ് കാണുന്നത്. ഇങ്ങനെയുള്ള സമയങ്ങളില്‍ എന്തു ചെയ്യണമെന്ന് പോലും നമുക്ക് മനസ്സിലാകില്ല'' കോലി പറയുന്നു. പഞ്ചാബിനെതിരെ 19 റണ്‍സിന്റെ പരാജയമേറ്റു വാങ്ങിയ ശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ കോലി വ്യക്തമാക്കി.

12 മത്സരങ്ങളില്‍ ഒമ്പതിലും തോറ്റ ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ അവസാനമാണ്. ആകെയുള്ള സമ്പാദ്യം അഞ്ചു പോയിന്റും.

''ഇതു വളരെ മനസ്സ് മടുക്കുന്ന കാര്യമാണ്. ഇതുപോലെയുള്ള മത്സരങ്ങളെക്കുറിച്ച് എന്തു പറയണമെന്നറിയില്ല. ഒരേ കാര്യം പലതവണ സംഭവിക്കുന്നു. ആര്‍ക്കും ബാറ്റിങ്ങില്‍ തിളങ്ങാനാകുന്നില്ല' കോലി പറഞ്ഞു. 

വിക്കറ്റുകള്‍ പെട്ടെന്ന് വീഴുന്നുവെന്നും അതിന്റെ കാരണമെന്തെന്ന് അറിയില്ലെന്നും തങ്ങള്‍ക്കു കഴിയുംപോലെ നന്നായി കളിക്കാന്‍ നോക്കാറുണ്ടെന്നും കോലി വ്യക്തമാക്കി. ''ഞങ്ങളുടെ പ്രതീക്ഷ തകര്‍ക്കുന്ന കാര്യങ്ങളാണ് ഈ സീസണില്‍ സംഭവിച്ചത്'' കോലി കൂട്ടിച്ചേര്‍ത്തു.