ഐ.പി.എല്‍ പത്താം സീസണിലെ ഫൈനലിന് കളമൊരുങ്ങുമ്പോള്‍ അത് യഥാര്‍ത്ഥത്തില്‍ എം.എസ് ധോനിയുടെയും രോഹിത് ശര്‍മ്മയുടെയും കൂടി ഫൈനലിനാണ് വേദിയൊരുങ്ങുന്നത്. അതിനിടയില്‍ റെയ്‌സിങ് പുണെ സൂപ്പര്‍ജയന്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന് എവിടെ സ്ഥാനം എന്നു പോലും നമ്മള്‍ ചിന്തിച്ചുപോകും. 

കാരണം കണക്കുകകള്‍ പറയുന്നത് അങ്ങനെയാണ്. ഐ.പി.എല്ലിലെ പത്ത് എഡിഷനിലും കളിച്ച ധോനിയും രോഹിത് ശര്‍മ്മയും ഹൈദരാബാദില്‍ നടക്കുന്ന ഫൈനലിലൂടെ പുതിയ റെക്കോര്‍ഡുകളാണ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ക്കുക. ഇതുവരെ ധോനിയും രോഹിതും ആറു തവണ ടിട്വന്റി ഫൈനലില്‍ വിജയിച്ച ടീമംഗമായിട്ടുണ്ട്. സുരേഷ് റെയ്‌നയും രവിചന്ദ്ര അശ്വിനുമാണ് ഈ റെക്കോര്‍ഡില്‍ ഇരുവര്‍ക്കുമൊപ്പമുള്ളത്. ഇനി ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ധോനിയോ രോഹിതോ വിജയിച്ചാല്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഈ റെക്കോര്‍ഡ് ഒറ്റക്ക് സ്വന്തമാക്കാം. ഏഴു ടിട്വന്റി ഫൈനലില്‍ വിജയിച്ചുവെന്ന റെക്കോര്‍ഡ്.

ധോനി ഐ.പി.എല്ലും ചാമ്പ്യന്‍സ് ലീഗ് ടിട്വന്റിയും രണ്ട് തവണ വീതം വിജയിച്ച ടീമംഗമായതിനോടൊപ്പം ലോക ടിട്വന്റി കീരീടവും ഏഷ്യാ കപ്പും നേടി. ഐ.പി.എല്‍ മൂന്നു തവണ വിജയിച്ച ടീമംഗമായ രോഹിത് ഒരു തവണ ചാമ്പ്യന്‍സ് ലീഗ് ടിട്വന്റി നേടി. കൂടാതെ 2007ലെ ലോകപ്പും 2016ല്‍ ഏഷ്യാ കപ്പും നേടി. 

3000 റണ്‍സ് പിന്നിടുന്ന ആദ്യ മുംബൈ ഇന്ത്യന്‍സ് ബാറ്റ്‌സ്മാന്‍ കൂടിയാണ് രോഹിത് ശര്‍മ്മ. ഐ.പി.എല്ലിലെ എല്ലാ എഡിഷനിലും 300 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന രണ്ടാമത്തെ താരം കൂടിയാണ് രോഹിത്. ഇക്കാര്യത്തില്‍ സുരേഷ് റെയ്‌ന മാത്രമാണ് മുംബൈ ക്യാപ്റ്റന് മുന്നിലുള്ളത്.