ഹൈദരാബാദ്: ജയദേവ് ഉനദ്ഘട്ട് ഹാട്രിക് വിക്കറ്റ് നേടിയ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ റെയ്‌സിങ് പുണെ സൂപ്പര്‍ജയന്റിന് വിജയം. ബൗളര്‍മാര്‍ അരങ്ങുവാണ മത്സരത്തില്‍ 12 റണ്‍സിനാണ് പുണെ, വാര്‍ണറെയും സംഘത്തെയും തോല്‍പ്പിച്ചത്. 

പുണെയുടെ 149 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിനെ ജയദേവ് ഉനദ്ഘട്ട് പിടിച്ചുകെട്ടുകയായിരുന്നു. നാല് ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റാണ് ഉനദ്ഘട്ട് വീഴ്ത്തിയത്. അവസാന ഓവറില്‍ ബിപുല്‍ ശര്‍മ്മ, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ വിക്കറ്റെടുത്ത് ഹാട്രിക് തികച്ച ഉനദ്ഘട്ട് ഹൈദരാബാദിന്റെ വിജയപ്രതീക്ഷ തകര്‍ത്തു. ഒപ്പം ഐ.പി.എല്ലില്‍ 100 വിക്കറ്റെന്ന നേട്ടവും പിന്നിട്ടു.

149 ലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഡേവിഡ് വാര്‍ണര്‍ 40 റണ്‍സും യുവരാജ് സിങ്ങ് 47 റണ്‍സുമെടുത്ത് പൊരുതാന്‍ ശ്രമിച്ചെങ്കിലും ഹൈദരാബാദിന് വിജയിക്കാന്‍ അത് മതിയാകുമായിരുന്നില്ല. ശിഖര്‍ ധവാന്‍ 19 റണ്‍സെടുത്തപ്പോള്‍ ബാക്കി ആറു ബാറ്റ്‌സ്മാന്‍മാരും രണ്ടക്കം കാണാതെ പുറത്തായി. 

നേരത്തെ മുപ്പതിന് മുകളില്‍ സ്‌കോര്‍ കണ്ടെത്തിയ സ്റ്റീവ് സ്മിത്ത്, ബെന്‍ സ്‌റ്റോക്ക്‌സ, എം.എസ് ധോനി എന്നിവരുടെ മികവിലാണ് പുണെയുടെ റണ്‍സ് 148ലെത്തിയത്. സിദ്ധാര്‍ത്ഥ് കൗള്‍ ഹൈദരാബാദിനായി നാല് വിക്കറ്റ് വീഴ്ത്തി. വിജയത്തോടെ 12 മത്സരങ്ങളില്‍ നിന്ന് പുണെയ്ക്ക് 16 പോയിന്റായി.