ഹൈദരാബാദ്: പത്താം സീസണിലെ മൂന്നാം സെഞ്ചുറി കണ്ട മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായില്ല. നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് നേടിയ 209 റണ്‍സ് പിന്തുടര്‍ന്ന കൊല്‍ക്കത്തക്ക് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

59 പന്തില്‍ 126 റണ്‍സുമായി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ മികവിലാണ് ഹൈദരാബാദ്  209 റണ്‍സ് അടിച്ചു കൂട്ടിയത്. 10 ഫോറും എട്ടു സിക്സും വാര്‍ണറുടെ ബാറ്റില്‍ നിന്ന് പിറന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് മികച്ച തുടക്കമാണ് ലഭിച്ചത്. ധവാനുമായി ചേര്‍ന്ന് വാര്‍ണര്‍ ഒന്നാം വിക്കറ്റില്‍ 139 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. അതും 12.4 ഓവറില്‍. പിന്നീട് ധവാന്‍ പുറത്തായ ശേഷം ക്രീസിലെത്തിയ കെയ്ന്‍ വില്ല്യംസണും ബാറ്റുകൊണ്ട് തിളങ്ങി. 25 പന്തില്‍ 40 റണ്‍സാണ് വില്ല്യംസണ്‍ അടിച്ചെടുത്തത്. അവസാന ഓവറിലെ അവസാന പന്തില്‍ റണ്‍ഓട്ടാകുകയായിരുന്നു വില്ല്യംസണ്‍. യുവരാജ് സിങ്ങ് പുറത്താകാതെ ആറു റണ്‍സ് നേടി. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തക്കായി ഉത്തപ്പക്കും മനീഷ് പാണ്ഡെക്കുമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായത്. ഉത്തപ്പ 28 പന്തില്‍ നിന്ന് നാലു വീതം സിക്‌സറുകളുടേയും ഫോറുകളുടേയും അകമ്പടിയില്‍ 53 റണ്‍സ് നേടി. പാണ്ഡെ 29 പന്തില്‍ നിന്ന് 39 റണ്‍സും. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവര്‍ ഹൈദരാബാദിനായി രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. റാഷിദ് ഖാന്‍ ഒരു വിക്കറ്റും നേടി.