ബാംഗ്ലൂര്‍: പത്താം സീസണില്‍ ബാംഗ്ലൂര്‍ തോല്‍വി തുടര്‍ക്കഥയാക്കിയപ്പോള്‍ ആറു വിക്കറ്റ് വിജയവുമായി കൊല്‍ക്കത്ത പ്ലേ ഓഫില്‍. 15 പന്തില്‍ അര്‍ധസെഞ്ചുറിയുമായി റെക്കോര്‍ഡിട്ട സുനില്‍ നരെയ്‌ന്റെ ബാറ്റിങ് മികവില്‍ ബാംഗ്ലൂരിന്റെ 159 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത 29 പന്ത് ബാക്കി നില്‍ക്കെ മറികടന്നു. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ തന്നെ യൂസുഫ് പഠാന്റെ റെക്കോര്‍ഡിനൊപ്പമാണ് സുനില്‍ നരെയ്‌നെത്തിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് പഠാന്‍ 15 പന്തില്‍ അര്‍ധസെഞ്ചുറിയടിച്ചത്. ക്രിസ് ലിന്നും നരെയ്‌നും ചേര്‍ന്ന് കൊല്‍ക്കത്തക്ക് സ്വപ്നതുല്ല്യമായ തുടക്കമാണ് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 37 പന്തില്‍ 105 റണ്‍സാണ് അടിച്ചുകൂട്ടി.

ക്രിസ് ലിന്‍ 22 പന്തില്‍ അഞ്ച് ഫോറിന്റെയും ആറു സിക്‌സിന്റെയും അകമ്പടിയോടെ 50 റണ്‍സ് അടിച്ചപ്പോള്‍ നരെയ്ന്‍ 17 പന്തില്‍ 54 റണ്‍സെടുത്ത് പുറത്തായി. ആറു ഫോറും നാല് സിക്‌സും നരെയ്‌ന്റെ ബാറ്റില്‍ നിന്ന് പിറന്നു. 31 റണ്‍സെടുത്ത ഗ്രാന്‍ഡ്‌ഹോമും 14 റണ്‍സെടുത്ത് ഗംഭീറും പുറത്തായി. 

 പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി പച്ച ജഴ്‌സിയണിഞ്ഞ് ക്രീസിലെത്തിയ ബാംഗ്ലൂര്‍ 75 റണ്‍സടിച്ച് പുറത്താകാതെ നിന്ന് ട്രാവിസ് ഹെഡ്ഡിന്റെയും 52 റണ്‍സ് നേടിയ ഓപ്പണര്‍ മന്‍ദീപ് സിങ്ങിന്റെയും മികവിലാണ് 158 റണ്‍സടിച്ചത്. ക്യാപ്റ്റന്‍ വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സും ഒരിക്കല്‍ കൂടി പരാജയമായി. കോലി അഞ്ച് റണ്‍സിനും ഡിവില്ലിയേഴ്‌സ് പത്ത് റണ്‍സിനും പുറത്തായി. 13 മത്സരങ്ങളില്‍ നിന്ന് ബാംഗ്ലൂരിന്റെ പത്താം തോല്‍വിയാണിത്.  

sunil narine