വാംഖെഡെ: ഐ.പി.എല്ലില്‍ വീണ്ടും മുംബൈയുടെ തേരോട്ടം. ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തില്‍ മൂന്ന് പന്ത് ബാക്കി നില്‍ക്കെ മുംബൈ ഇന്ത്യന്‍സ് ആറു വിക്കറ്റിന് വിജയിച്ചു. ഗുജറാത്ത് മുന്നോട്ടുവെച്ച 177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈയ്ക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും യുവതാരം നിധീഷ് റാണയും മികച്ച ബാറ്റിങ്ങാണ് പുറത്തെടുത്തത്. 

ജോസ് ബട്‌ലറുമായി രണ്ടാ വിക്കറ്റില്‍ നിധീഷ് റാണയുണ്ടാക്കിയ 82 റണ്‍സിന്റെ കൂട്ടുകെട്ടും നാലാം വിക്കറ്റില്‍ കീറോണ്‍ പൊള്ളാര്‍ഡും രോഹിത് ശര്‍മ്മയും ചേര്‍ന്നടിച്ച 68 റണ്‍സും മുംബൈയുടെ വിജയത്തില്‍ നിര്‍ണായകമാകുകയായിരുന്നു.

കളി തുടങ്ങി രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ പാര്‍ഥിവ് പട്ടേലിനെ നഷ്ടപ്പെട്ട മുംബൈയെ പിന്നീട് പിടിച്ചുകെട്ടാന്‍ പഞ്ചാബിനായില്ല. നിധീഷ് റാണ 36 പന്തില്‍ നാല് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 53 റണ്‍സടിച്ചപ്പോള്‍ രോഹിത് ശര്‍മ്മ 29 പന്തില്‍ 40 റണ്‍സടിച്ച് പുറത്താകാതെ നിന്നു. കീറോണ്‍ പൊള്ളാര്‍ഡ് 39 റണ്‍സടിച്ചപ്പോള്‍ ജോസ് ബട്‌ലര്‍ 26 റണ്‍സ് നേടി.

നേരത്തെ 64 റണ്‍സടിച്ച ബ്രണ്ടന്‍ മക്കല്ലത്തിന്റെയും 48 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ദിനേശ് കാര്‍ത്തിക്കിന്റെയും മികവിലാണ് ഗുജറാത്ത് 176 റണ്‍സ് നേടിയത്. ക്യാപ്റ്റന്‍ റെയ്‌ന 28 റണ്‍സെടുത്ത് പുറത്തായി. മലയാളി താരം ബേസില്‍ തമ്പി ഗുജറാത്തിനായി നാല് ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും വീഴ്ത്തിയില്ല.