മൊഹാലി: കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മത്സരത്തില്‍ ഹൈദരാബാദിന് എതിരെ പഞ്ചാബ് 26 റണ്‍സകലെ പോരാട്ടം അവസാനിപ്പിച്ചു. ഹൈദരാബാദിന്റെ 207നെതിരെ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനേ പഞ്ചാബിനായുള്ളൂ.

പവര്‍പ്ലേയില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ പഞ്ചാബിന് 50 പന്തില്‍ 84 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിന്റെ ഇന്നിങ്‌സാണ് കരുത്തേകിയത്. 14 ബൗണ്ടറികളും രണ്ട് സിക്‌സും മാര്‍ഷിന്റെ ബാറ്റില്‍ നിന്ന് പിറന്നു. മാര്‍ട്ടിന്‍ ഗപ്ടില്‍ (23), ഓയിന്‍ മോര്‍ഗന്‍ (26) എന്നിവരാണ് മാര്‍ഷിനെ കൂടാതെ പഞ്ചാബ് സ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കിയത്.

ഹൈദരാബാദിനായി ആശിഷ് നെഹ്‌റയും സിദ്ധാര്‍ത്ഥ് കൗളും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍ രണ്ടു വിക്കറ്റെടുത്തപ്പോള്‍ റാഷിദ് ഖാന്‍ ഒരു വിക്കറ്റ് നേടി. ഒരു വിക്കറ്റേ നേടിയുള്ളൂവെങ്കിലും നാലോവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത റാഷിദ് ഖാനാണ് മാന്‍ ഓഫ് ദ മാച്ച്.

David Warner

നേരത്തേ, ടോസ് നഷ്ടമായി നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിന് ഓപ്പണിങ് വിക്കറ്റില്‍ തന്നെ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ശിഖര്‍ ധവാനും ഡേവിഡ്‌ വാര്‍ണറും ഹൈദരാബാദിന് മികച്ച തുടക്കമാണ് നല്‍കിയത്. 10 ഓവറില്‍ 107 റണ്‍സാണ് ഇരുവരും അടിച്ചുകൂട്ടിയത്. വാര്‍ണര്‍ 27 പന്തില്‍ 51 റണ്‍സടിച്ചപ്പോള്‍ ധവാന്‍ 48 പന്തില്‍ 77 റണ്‍സ് കണ്ടെത്തി.

തുടര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ടുനയിക്കാനുള്ള ജോലി കെയ്ന്‍ വില്ല്യംസണായിരുന്നു. 27 പന്തില്‍ 54 റണ്‍സുമായി പുറത്താകാതെ നിന്ന് വില്ല്യംസണ്‍ തന്റെ ജോലി ഭംഗിയായി പൂര്‍ത്തിയാക്കി. ഏഴു റണ്‍സുമായി മോയ്‌സസ് ഹെന്റിക്വെസായിരുന്നു കളി അവസാനിക്കുമ്പോള്‍ കെയ്ന്‍ വില്ല്യംസണൊപ്പം ക്രീസിലുണ്ടായിരുന്നത്. അതേസമയം 12 പന്തില്‍ 15 റണ്‍സെടുത്ത യുവരാജ് സിങ്ങ് വീണ്ടും പരാജയമായി.