ഇന്‍ഡോര്‍: സെഞ്ചുറിയടിച്ചിട്ടും അംലയ്ക്ക് പഞ്ചാബിനെ വിജയിപ്പിക്കാനായില്ല. ഐപിഎല്ലില്‍ കിങ്‌സ് ഇലവനെതിരെ മുംബൈ ഇന്ത്യന്‍സിന് എട്ട് വിക്കറ്റ് വിജയം. 77 റണ്‍സെടുത്ത ബട്‌ലര്‍, 62 റണ്‍സെടുത്ത റാണ എന്നിവരുടെ മികവിലാണ് മുംബൈ വിജയലക്ഷ്യമായ 199 റണ്‍സെടുത്തത്. 15.3 ഓവറില്‍ പാര്‍ഥിവ് പട്ടേലിന്റെയും ബട്‌ലറുടേയും വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തിയായിരുന്നു മുംബൈയുടെ വിജയം.

 

60 പന്തില്‍ 104 റണ്‍സ് നേടി പുറത്താകാതെ നിന്ന ഹാഷിം അംലയുടെ മികവില്‍ പഞ്ചാബ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തു. ആറു സിക്‌സിന്റെയും എട്ടു ഫോറിന്റെയും അകമ്പടിയോടെ തന്റെ ടിട്വന്റി കരിയറിലെ ആദ്യ സെഞ്ചുറിയാണ് അംല ഇന്‍ഡോറില്‍ കുറിച്ചത്. ഈ സീസണില്‍ ആദ്യ സെഞ്ചുറി നേടിയത് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ മലയാളി താരം സഞ്ജു വി സാംസണാണ്. 

ഷോണ്‍ മാര്‍ഷും അംലയും ചേര്‍ന്ന് മികച്ച തുടക്കമാണ് പഞ്ചാബിന് നല്‍കിയത്. ഇരുവരും ഓപ്പണിങ് വിക്കറ്റില്‍ 5.5 ഓവറില്‍ 46 റണ്‍സ് നേടി. മാര്‍ഷ് 26 റണ്‍സെടുത്ത് പുറത്തായ ശേഷം ക്രിസീലെത്തിയ വൃദ്ധിമാന്‍ സാഹയും വേഗത്തില്‍ മടങ്ങി. പിന്നീട് ക്യാപ്റ്റന്‍ മാക്‌സ്‌വെല്ലിന്റെ ഊഴമായിരുന്നു. 

വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞ മാക്‌സ്‌വെല്‍ 18 പന്തില്‍ 40 റണ്‍സെടുത്ത് നില്‍ക്കെ ബുംറയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു. സ്റ്റോയിന്‍സ് ഒരു റണ്ണിന് പുറത്തായപ്പോള്‍ അക്‌സര്‍ പട്ടേല്‍ പുറത്താകാതെ നാല് റണ്‍സ് നേടി. മുംബൈക്കായി മക്ഗ്ലീകന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.