കൊല്‍ക്കത്ത:  ഐ.പി.എല്ലില്‍ കൊല്‍ക്കത്തയോട്‌ പത്തി മടക്കി സണ്‍റൈസ്‌ഴസ് ഹൈദരാബാദ്. 17 റണ്‍സിനാണ് ഗംഭീറും സംഘവും ഹൈദരാബാദിനെതിരെ വിജയം കണ്ടത്. കൊല്‍ക്കത്ത മുന്നോട്ടുവെച്ച 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിന് നാല് വിക്കറ്റ് ബാക്കിയുണ്ടായിട്ടും നിശ്ചിത ഓവറില്‍ 155 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 

ഇന്നിങ്‌സിലുടനീളം ഒരു മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ കഴിയാതിരുന്നതാണ് ഹൈദരാബാദിന് തിരിച്ചടിയായത്. 30 റണ്‍സിന് മുകളിലേക്ക് സ്‌കോര്‍ നേടാന്‍ ഒരൊറ്റ ബാറ്റ്‌സ്മാനും കഴിഞ്ഞില്ല. ഡേവിഡ് വാര്‍ണറുടെയും യുവരാജ് സിങ്ങിന്റെയും ചെറുത്ത് നില്‍പ്പ് 26 റണ്‍സിലവസാനിച്ചു. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത റോബിന്‍ ഉത്തപ്പയുടെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് പിടിച്ചു നിന്നത്. 39 പന്തില്‍ അഞ്ചു ഫോറിന്റെയും നാല് സിക്‌സിന്റെയും അകമ്പടിയോടെ 68 റണ്‍സടിച്ച റോബിന്‍ ഉത്തപ്പയുടെയും 35 പന്തില്‍ 46 റണ്‍സടിച്ച മനീഷ് പാണ്ഡെയുടെയും ഇന്നിങ്‌സ് നിര്‍ണായകമാകുകയായിരുന്നു. 

സുനില്‍ നരെയ്‌നും ഗൗതം ഗംഭീറും പുറത്തായ ശേഷം ഒത്തുചേര്‍ന്ന് ഉത്തപ്പയും പാണ്ഡെയും 8.4 ഓവറില്‍ 77 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. യൂസുഫ് പഠാന്‍ 21 റണ്‍സുമായി പുറത്താകാതെ നിന്നു. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.