ഇന്‍ഡോര്‍: ഡിവിലിയേഴ്‌സ് വെടിക്കെട്ടിനും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ രക്ഷിക്കാനായില്ല. 149 റണ്‍സ് എന്ന വിജയലക്ഷ്യം കിങ്‌സ് ഇലവന്‍ പഞ്ചാബ് അനായാസം നേടി. 5.3 ഓവര്‍ ബാക്കിനില്‍ക്കെയാണ് പഞ്ചാബ് പത്താം സീസണിലെ രണ്ടാം വിജയം ആഘോഷിച്ചത്.

മനന്‍ വോറയും(34) ആംലയും(58 നോട്ടൗട്ട്) ചേര്‍ന്ന് ആറ് ഓവറില്‍ 62 റണ്‍സെടുത്ത് മികച്ച തുടക്കം നല്‍കി. അക്ഷര്‍ പട്ടേല്‍(9) പെട്ടെന്ന് പുറത്തായെങ്കിലും നായകന്‍ മാക്‌സ് വല്‍ 22 പന്തില്‍ 43 റണ്‍സുമായി വിജയം വൈകിച്ചില്ല. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് ആദ്യ 15 ഓവറില്‍ സ്‌കോര്‍ ഉയര്‍ത്താനാകാതെ പോയതാണ് തിരിച്ചടിയായത്.

13.1 ഓവറില്‍ നാലിന് 68 എന്ന നിലയില്‍ പരുങ്ങിയ ബാംഗ്ലൂരിനെ ഡിവിലിയേഴ്‌സ് ഒറ്റയ്ക്കാണ് ചുമലിലേറ്റിയത്. മറുവശത്ത് മികച്ച പിന്തുണയുമായി ഒരു കൂട്ടുകെട്ടുണ്ടാക്കാന്‍ കഴിയാതെ പോയതാണ് അവര്‍ക്ക് വിനയായത്.

 

അവസാന രണ്ട് ഓവറില്‍ കത്തിക്കയറിയ ഡിവില്ലേഴ്‌സ് 46 പന്തില്‍ 89 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മൂന്നു ഫോറും ഒമ്പതു സിക്‌സും ഡിവില്ലിയേഴ്‌സിന്റെ ബാറ്റില്‍ നിന്ന് പിറന്നു

സ്‌കോര്‍ബോര്‍ഡില്‍ രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ ഷെയ്ന്‍ വാട്‌സണെ ബാംഗ്ലൂരിന് നഷ്ടപ്പെട്ടു. ഓപ്പണറായി ഇറങ്ങിയ മലയാളി താരം വിഷ്ണു വിനോദിനും അധികം ആയുസ്സുണ്ടായില്ല. ഏഴു റണ്‍സെടുത്ത  വിഷ്ണുവിനെ സന്ദീപ് ശര്‍മ്മ പഞ്ചാബ് ക്യാപ്റ്റന്റെ കൈകളിലെത്തിച്ചു.  കേദര്‍ ജാദവ് ഒരു റണ്ണിന് പുറത്തായപ്പോള്‍ മന്‍ദീപ് സിങ്ങിന്റെ പോരാട്ടം 28 റണ്‍സില്‍ നിന്നു. സ്റ്റുവര്‍ട്ട് ബിന്നി പുറത്താകാതെ 18 റണ്‍സടിച്ചു.

പഞ്ചാബിനായി വരുണ്‍ ആരോണ്‍ രണ്ടും അക്‌സര്‍ പട്ടേലും സന്ദീപ് ശര്‍മ്മയും ഓരോ വിക്കറ്റും വീഴ്ത്തി.