കാണ്‍പൂര്‍: അവസാന ഓവര്‍ വരെ ആവേശം നിലനിന്ന മത്സരത്തില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് രണ്ട് വിക്കറ്റ് വിജയം. രണ്ട് പന്ത് ബാക്കി നില്‍ക്കെ ഗുജറാത്ത് മുന്നോട്ടുവെച്ച 196 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി മറികടക്കുകയായിരുന്നു. അവസാന ഓവറില്‍ രണ്ട് ഫോര്‍ നേടിയ അമിത് മിശ്രയാണ് ഡല്‍ഹിയ്ക്ക് രണ്ട് പോയിന്റ് സമ്മാനിച്ചത്.

രണ്ടാം ഓവറില്‍ സഞ്ജു വി സാംസണെയും ഋഷഭ് പന്തിനെയും നഷ്ടപ്പെട്ട ഡല്‍ഹിയെ ശ്രേയസ് അയ്യരുടെ ഇന്നിങ്‌സാണ് കൈപിടിച്ചുയര്‍ത്തിയത്. മൂന്നാം വിക്കറ്റില്‍ കരുണ്‍ നായര്‍ക്കൊപ്പം 5.4 ഓവറില്‍ 57 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശ്രേയസ് ഏഴാം വിക്കറ്റില്‍ കമ്മിന്‍സുമായി ചേര്‍ന്ന് 4.3 ഓവറില്‍ 61 റണ്‍സടിച്ചു. 57 പന്തില്‍ 15 ഫോറും രണ്ട് സിക്‌സും അടിച്ച ശ്രേയസിന് നാല് റണ്‍സ് അകലെ സെഞ്ചുറി നഷ്ടപ്പെടുകയായിരുന്നു.കരുണ്‍ നായര്‍ 15 പന്തില്‍ 30 റണ്‍സ് നേടിയപ്പോള്‍ കമ്മിന്‍സ് 13 പന്തില്‍ 24 റണ്‍സടിച്ചു. 

ആരോണ്‍ ഫിഞ്ചിന്റെയും ദിനേശ് കാര്‍ത്തിക്കിന്റെയും ബാറ്റിങ്ങാണ് ഗുജറാത്തിന്റെ സ്‌കോര്‍ 200 റണ്‍സിന് അടുത്തെത്തിച്ചത്. ഫിഞ്ച് 39 പന്തില്‍ 69 റണ്‍സടിച്ചപ്പോള്‍ ദിനേശ് കാര്‍ത്തിക് 28 പന്തില്‍ 40 റണ്‍സ് നേടി.