ഹൈദരാബാദ്: മഹാരാഷ്ട്രയിലെ കൊമ്പന്‍മാര്‍ ഏറ്റുമുട്ടിയ  ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ പുണെ സൂപ്പര്‍ ജയന്റ്‌സിനെ ഒരു റണ്‍സിന് തോല്‍പ്പിച്ച്  മുംബൈ ഇന്ത്യന്‍സ് കിരീടം ചൂടി. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ പുണെയില്‍ നിന്ന് മുംബൈ കിരീടം പിടിച്ചെടുക്കയായിരുന്നു.

അവസാന നിമിഷം അത്ഭുതകരമായി പുണെയെ പിടിച്ചുക്കെട്ടിയാണ് മുംബൈ മൂന്നാം ഐപിഎല്‍ കിരീടം നേടിയത്. ഇതോടെ ഏറ്റവും കൂടുതല്‍ ഐപിഎല്‍ കിരീടം ചൂടുന്ന ടീമായി മുംബൈ ഇന്ത്യന്‍സ് ചരിത്രം കുറിച്ചു. പുണെയ്ക്ക് ജയിക്കാന്‍ പതിനൊന്ന് റണ്‍സ് മാത്രം വേണ്ടിയിരുന്ന അവസാന ഓവറില്‍ മിച്ചല്‍ ജോണ്‍സണാണ് ഇതിനിനുവദിക്കാതെ മുംബൈക്ക് കിരീടം നേടി കൊടുത്തത്.

ഏറെ ഏറെ നാടകീയത നിറഞ്ഞ മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ മുംബൈക്ക് കാര്യമായ റണ്‍സ് പടുത്തുയര്‍ത്താനായിരുന്നില്ല. 129 റണ്‍സില്‍ ഇന്നിങ്‌സ് അവസാനിപ്പിക്കേണ്ടി വന്നു. എന്നാല്‍ ബാറ്റിങില്‍ കുറഞ്ഞ സ്‌കോറാണ് നേടിയതെങ്കിലും ബൗളിങില്‍ ഒരു അലസതയും മുംബൈ ബൗളര്‍മാര്‍ കാണിച്ചില്ല.

ipl
ജസിത് മലിംഗയും കരണ്‍ ശര്‍മ്മയും ബുംറയും അടക്കമുള്ളവരുടെ കൃത്യതയാര്‍ന്ന പന്തുകള്‍ക്ക് മുന്നില്‍ പുണെ ബാറ്റ്‌സ്മാന്‍മാര്‍ ലക്ഷ്യം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു. പുണെയ്ക്ക് ലക്ഷ്യത്തിലെത്താന്‍ പതിനൊന്ന് വേണ്ടിയിരുന്ന '20-ാം ഓവറില്‍ ആദ്യം പന്ത് തന്നെ തിവാരി ഫോറടിച്ചു. എന്നാല്‍ രണ്ടാം പന്തില്‍ തിവാരിയെ പൊള്ളാടിന്റെ കയ്യിലെത്തിച്ച ജോണ്‍സണ്‍ മൂന്നാം പന്തില്‍ ക്യാപ്റ്റന്‍ സ്മിത്തിനേയും മടക്കി. നാലാം പന്തില്‍ ഒരു ബൈ റണ്‍. 5-ാം പന്ത് നേരിട്ട ക്രിസ്റ്റ്യന്‍ രണ്ട് റണ്‍സെടുത്തു. നാലു റണ്‍സ് വേണ്ട അവസാന പന്തില്‍ പിറന്നത് രണ്ടു റണ്‍സ് മാത്രം. മുംബൈക്ക് ഒരു റണ്‍സ് ജയം'.

ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് തുടക്കത്തത്തില്‍ തന്നെ പത്ത് റണ്‍സെടുക്കുന്നതിനിടെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. മൂന്ന് റണ്‍സെടുത്ത പാര്‍ഥിവ് പട്ടേലും നാല് റണ്ണെടുത്ത സിമ്മണ്‍സുമാണ് പുറത്തായത്. വണ്‍ഡൗണായി ഇറങ്ങിയ റായിഡു 12 റണ്‍സെടുത്ത് നില്‍ക്കുന്നതിനിടെ റണ്‍ഔട്ടാവുകയും ചെയ്തു.

ipl
പിന്നീടെത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ക്രുണാല്‍ പാണ്ഡ്യയുമാണ്‌ മുംബൈ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. പാണ്ഡ്യ 38 പന്തില്‍ നിന്ന് നാലു ഫോറുകളുടേയും രണ്ടു സിക്‌സറുകളുടെയും അകമ്പടിയില്‍ 47 റണ്‍സെടുത്തു. രോഹിത് ശര്‍മ്മ 22 പന്തില്‍ നിന്ന് 24ഉം.

പുണെ നിരയില്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് 51 റണ്‍സും ഓപ്പണര്‍ അജിങ്ക്യ രഹാനെ 44ഉം റണ്‍സെടുത്തു. ഓള്‍ റൗണ്ടര്‍ പ്രകടനം കാഴ്ചവെച്ച ക്രുണാല്‍ പാണ്ഡ്യയാണ് മത്സരത്തിലെ താരം.