പുണെ: സഞ്ജു സാംസണിന്റെ മിന്നുന്ന സെഞ്ച്വറി കരുത്തില്‍ പുണ സൂപ്പര്‍ജയന്റിനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് തകര്‍പ്പന്‍ വിജയം. 97 റണ്‍സിനാണ് ദ്രാവിഡിന്റെ ശിഷ്യന്മാര്‍ രഹാനെയേയും സംഘത്തേയും തകര്‍ത്തുവിട്ടത്. ടോസ് നഷ് ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഡല്‍ഹി ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടി നല്‍കാന്‍ സൂപ്പര്‍ ജയന്റിനായില്ല. അവരുടെ പോരാട്ടം 108 റണ്‍സില്‍ അവസാനിച്ചു. 

ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഡല്‍ഹിക്ക് ഒരു ഓവര്‍ കഴിയുമ്പോള്‍ തന്നെ തിരിച്ചടി നേരിട്ടു. അഞ്ച് പന്ത് നേരിട്ട ഓപ്പണര്‍ ആദിത്യ താരെ റണ്ണൊന്നുമെടുക്കാതെ പുറത്തായതോടെ സന്ദര്‍ശകര്‍ അപകടം മണത്തു. സാധാരണ മെല്ലെത്തുടങ്ങാറുള്ള സഞ്ജു മൂന്നാം വിക്കറ്റില്‍ ക്രീസിലെത്തിയതുമുതല്‍ ഫോം വെളിക്കാവുന്ന മനോഹര ഡ്രൈവുകളും പ്ലേസിങ് ഷോട്ടുകളുമായി കളം നിറഞ്ഞു.

തുടര്‍ച്ചയായി ബൗണ്ടറികളുമായി തുടങ്ങിയ സഞ്ജുവിന് സാം ബില്ലിങ്‌സ്(24) മികച്ച പിന്തുണ നല്‍കി. നാലാം വിക്കറ്റിലെത്തിയ ഋഷഭ് പന്ത് കഴിഞ്ഞ ദിവസം നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങിയ പോലെയായിരുന്നു. രണ്ട് സിക്‌സും ഒരു ബൗണ്ടറിയുമായി തുടങ്ങിയ പന്ത് (31) റണ്ണൗട്ടായി. തുടക്കത്തില്‍ അടിച്ചുകയറിയ സഞ്ജു ഒരറ്റത്ത് നിലയുറപ്പിച്ച് കളിക്കാന്‍ ശ്രമിച്ചു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച സഞ്ജു സാംപയ്‌ക്കെതിരെ സിക്‌സറിലൂടെയാണ് ഐ.പി.എല്‍ കരിയറിലെ ആദ്യ സെഞ്ച്വറി തികച്ചത്. 63 പന്ത് നേരിട്ട സഞ്ജു 102 റണ്‍സെടുത്ത് പുറത്തായി. 

15.2 ഓവറില്‍ 124 റണ്‍സില്‍ നിന്നാണ് ഡല്‍ഹി 205 ലേക്ക് കുതിച്ചെത്തിയത്. അവസാന രണ്ട് ഓവറില്‍ തലങ്ങും വിലങ്ങും സിക്‌സും ഫോറുമായി മോറിസ് 9 പന്തില്‍ നേടിയ 38 റണ്‍സ് കളിയില്‍ നിര്‍ണായകമായി. മൂന്നു സിക്‌സും നാല് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു മോറിസിന്റെ ഇന്നിങ്‌സ്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ ജയന്റിന് ഒരു ഘട്ടത്തിലും കളിയുടെ നിയന്ത്രണം നല്‍കാന്‍ ഡല്‍ഹി ബൗളര്‍മാര്‍ സമ്മതിച്ചില്ല. 108 റണ്‍സില്‍ അവരുടെ തിരിച്ചടി ഒതുങ്ങി

മൂന്ന് ഓവര്‍ എറിഞ്ഞ നായകന്‍ സഹീര്‍ ഖാന്‍ 20 റണ്‍സിന് മൂന്നു വിക്കറ്റുമായി പരിചയസമ്പത്തിന്റെ പ്രകടനം കാഴ്ചവെച്ചു. മൂന്ന് ഓവറില്‍ മൂന്ന് വിക്കറ്റെടുത്ത അമിത് മിശ്ര 11 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്.

അശോക് ഡിന്‍ഡയെറിഞ്ഞ 18-ാം ഓവറില്‍ 19 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ സഞ്ജുവിനെ ആദം സാംബ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

പുണെ സൂപ്പര്‍ജയന്റിനെ അജിങ്ക്യെ രഹാനെയാണ് നയിച്ചത്‌. നിലവിലെ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന് വയറുവേദനയായതിനാലാണ് രഹാനെക്ക് നറുക്ക് വീണത്. അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ മനോജ് തിവാരിയും ഇന്ന് കളിക്കുന്നില്ല. സ്മിത്തിന് പകരം ഫാഫ് ഡുപ്ലെസിസും മനോജ് തിവാരിക്ക് പകരം രാഹുല്‍ ത്രിപ്തിയും പുണെക്കായി ക്രീസിലിറങ്ങി.

Daredevils XI: A Tare, S Billings, K Nair, R Pant (wk), S Samson, C Anderson, C Morris, P Cummins, A Mishra, Z Khan (c), S Nadeem

Rising Pune XI: A Rahane (c), F du Plessis, M Agarwal, R Tripathi, B Stokes, MS Dhoni (wk), R Bhatia, D Chahar, A Zampa, I Tahir, A Dinda