ഡല്‍ഹി: ഐ.പി.എല്ലില്‍ ശനിയാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിന് ജയം. കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 51 റണ്‍സിനാണ് തോല്‍പിച്ചത്. സീസണില്‍ ഡല്‍ഹിയുടെ രണ്ടാം ജയമാണിത്. സ്‌കോര്‍ ഡല്‍ഹി 20 ഓവറില്‍ ആറിന് 188, പഞ്ചാബ് 20 ഓവറില്‍  ഒമ്പത് വിക്കറ്റിന് 137.

ടോസ് നേടിയ ഡല്‍ഹി ക്യപ്റ്റന്‍ സഹീര്‍ഖാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡല്‍ഹിക്കായി ഓപ്പണര്‍ സാം ബില്ലിങ്ങ്‌സ്(55), കോറി ആന്‍ഡേഴ്‌സണ്‍(39), മലയാളി താരങ്ങളായ ശ്രേയസ് അയ്യര്‍(22), സഞ്ജു സാംസണ്‍(19), ക്രിസ് മോറിസ്(16) എന്നിവര്‍ ബാറ്റിങ്ങില്‍ തിളങ്ങി. 

189 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റെ മുന്‍നിര തകര്‍ന്നു. ഓപ്പണര്‍മാരായ മനന്‍ വോറ(3), ബാഷിം അംല(19),വൃദ്ധിമാന്‍ സാഹ(7),എന്നിവരെ തുടക്കത്തില്‍ തന്നെ പഞ്ചാബിന് നഷ്ടമായി. ഏഴാമനായി ഇറങ്ങിയ അക്ഷര്‍ പട്ടേലിന്റെ ബാറ്റിങ്ങാണ്(29 പന്തില്‍ 44) പഞ്ചാബിനെ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. ഒരു ബൗണ്ടറിയും മുന്ന് സിക്‌സറും ഉള്‍പ്പെട്ടതാണ് അക്ഷറിന്റെ ഇന്നിങ്ങ്‌സ്.

ഡേവിഡ് മില്ലര്‍(24), ഓയീന്‍ മോര്‍ഗന്‍(22) എന്നിവരും പൊരുതിയെങ്കിലും വിജയത്തിന് 51 റണ്‍സ് അകലെ പഞ്ചാബ് വീണു. ഡല്‍ഹിക്കായി ക്രിസ് മോറിസ് മൂന്ന് വിക്കറ്റും ഷഹബാസ് നദീം ,പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.