രാജ്കോട്ട്: റോയല്‍ ചലഞ്ചേഴ്‌സും ഗുജറാത്ത് ലയണ്‍സും ബാറ്റില്‍ തീപ്പൊരി നിറച്ച മത്സരത്തില്‍ വിജയം ബാംഗ്ലൂര്‍ സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ക്രിസ് ഗെയ്‌ലിന്റെയും വിരാട് കോലിയുടെയും അര്‍ധസെഞ്ച്വറിയുടെ ബലത്തില്‍ 213 റണ്‍സാണ് അടിച്ചു കൂട്ടിയത്. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനു വേണ്ടി ബ്രണ്ടന്‍ മെക്കല്ലവും( 44 പന്തില്‍ 72) വാലറ്റത്ത് ഇഷാന്‍ കിഷനും(16 പന്തില്‍ 39) അടിച്ച് തകര്‍ത്തെങ്കിലും വിജയം ബാംഗ്ലൂരിനൊപ്പം നിന്നു.  214 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്തിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു.

ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായ മത്സരത്തില്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂര്‍ 213 റണ്‍സടിച്ചത്. ഗെയ്ലും കോലിയും ചേര്‍ന്ന് മികച്ച തുടക്കമായിരുന്നു ബാംഗ്ലൂരിന് നല്‍കിയത്.  ഇരുവരും ആദ്യ വിക്കറ്റില്‍ 12.4 ഓവറില്‍ 122 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 

ഗെയ്ല്‍ 38 പന്തില്‍ ഏഴു സിക്സിന്റെയും അഞ്ചു ഫോറിന്റെയും അകമ്പടിയോടെ 77 റണ്‍സടിച്ചപ്പോള്‍ കോലി 50 പന്തില്‍ നിന്ന് 64 റണ്‍സ് നേടി. ഒപ്പം ടിട്വന്റിയില്‍ 10,000 റണ്‍സെന്ന നേട്ടവും ഗെയ്ല്‍ പിന്നിട്ടു. ടിട്വന്റിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബാറ്റ്സ്മാന്‍ 10,000 റണ്‍സ് നേടുന്നത്.

കോലിയും ഗെയ്ലും പുറത്തായ ശേഷം ട്രാവിസ് ഹെഡും കേദര്‍ ജാദവും ബാംഗ്ലൂരിന്റെ ഇന്നിങ്സ് മുന്നോട്ടു നയിച്ചു. അവസാന ഓവറുകളില്‍ കൂറ്റനടികള്‍ അടിച്ച ഇരുവരും മൂന്നാം വിക്കറ്റില്‍ 4.1 ഓവറില്‍ പുറത്താകാതെ 54 റണ്‍സാണ് അടിച്ചെടുത്തത്. ഇത് ബാംഗ്ലൂരിന്റെ സ്‌കോര്‍ 200 കടത്തി. ട്രാവിസ് 16 പന്തില്‍ 30ഉം ജാദവ് അത്രയും പന്തില്‍ 38ഉം റണ്‍സടിച്ചു. 

All hail the #Gaylestorm! @henrygayle @RCBTweets #VIVOIPLonHotstar pic.twitter.com/ZpgsQ5skDm

ബാംഗ്ലൂരിനു വേണ്ടി യുസ്‌വേന്ദ്ര ചഹല്‍  31 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി. തകര്‍ത്തടിച്ച റെയ്‌നയുടെയും ബ്രണ്ടന്‍ മെക്കല്ലത്തിന്റെയും ഇഷാന്‍ കിഷന്റെയും വിക്കറ്റുകള്‍ വീഴ്ത്തിയത് ചഹലാണ്.

അതേസമയം ഗുജറാത്തിനായി മലയാളി താരം ബേസില്‍ തമ്പി വിക്കറ്റ് വീഴ്ത്തി. ക്രിസ് ഗെയ്ലിനെ വിക്കറ്റിന് മുന്നില്‍ കുരുക്കിയ ബേസില്‍ ഐ.പി.എല്ലിലെ തന്റെ ആദ്യ വിക്കറ്റാണ് നേടിയത്.