.പി.എല്ലില്‍ കളിക്കുന്ന താരങ്ങള്‍ പണം വാരുന്നുവെന്ന കാര്യത്തില്‍ നമുക്ക് ആര്‍ക്കും സംശയമില്ല. എന്നാല്‍ ഓരോ പരിശീലകനും ലഭിക്കുന്ന പ്രതിഫലം എത്രയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? 

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ മെന്ററുമായ രാഹുല്‍ ദ്രാവിഡാണ് പണം ഏറ്റവും കൂടുതല്‍ കൈപ്പറ്റുന്ന പരിശീലകന്‍. ഒരു വര്‍ഷം 4.5 കോടി രൂപയാണ് ദ്രാവിഡിന്റെ വരുമാനം. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനുമായിരുന്ന റിക്കി പോണ്ടിങ്ങും രണ്ടു വര്‍ഷം മുമ്പ് ഇതേ പ്രതിഫലം വാങ്ങിയിരുന്നു. 2008ല്‍ ഐ.പി.എല്‍ ആരംഭിച്ച സമയത്തുണ്ടായിരുന്ന 40 ലക്ഷം രൂപയില്‍ നിന്നാണ് വരുമാനം ഇത്രയധികം വളര്‍ന്നത്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഡാനിയല്‍ വെട്ടോറിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ജാക്വിസ് കാലിസും വാങ്ങുന്നത് ഒരു വര്‍ഷം 3.5 കോടി രൂപയാണ്. വീരേന്ദര്‍ സെവാഗ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്), മഹേല ജയവര്‍ധന(മുംബൈ ഇന്ത്യന്‍സ്), ടോം മൂഡി(സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), സ്റ്റീഫന്‍ ഫ്‌ളെമിങ് (റെയ്‌സിങ് പുണെ സൂപ്പര്‍ജയന്റ്) എന്നിവര്‍ 2.3 കോടി-3 കോടി രൂപയ്ക്ക് ഇടയിലാണ് പ്രതിഫലം വാങ്ങുന്നത്.

ഗുജറാത്ത് ലയണ്‍സ് പരിശീലകന്‍ ബ്രാഡ് ഹോഡ്ജാണ് ഏറ്റവും കുറവ് പ്രതിഫലം പറ്റുന്ന പരിശീലകന്‍. എഴുപത് ലക്ഷം രൂപയാണ് ഹോഡ്ജിന്റെ വാര്‍ഷിക വരുമാനം. അതേസമയം ഐ.പി.എല്ലിലെ ചില സഹപരിശീലകര്‍ക്ക് ഹോഡ്ജിനേക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഒരു വര്‍ഷം 1.4 കോടി രൂപ വരെ വരും ഇത്. 

മുംബൈയുടെ മാര്‍ഗ്ഗനിര്‍ദേശകനായ സച്ചിന്‍ തെണ്ടുല്‍ക്കറുടെ പ്രതിഫലം എത്രയെന്ന് പുറത്തുവിട്ടിട്ടില്ല. ഒരുപക്ഷേ രാഹുല്‍ ദ്രാവിഡിനേക്കാള്‍ കൂടുതല്‍ പ്രതിഫലം സച്ചിന്‍ വാങ്ങുന്നുണ്ടെന്നാണ് സൂചന.