ന്യൂഡല്‍ഹി: ഐ.പി.എല്ലില്‍ പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുന്ന ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് തിരിച്ചടിയായി ക്യാപ്റ്റന്‍ സഹീര്‍ ഖാന്റെ പരിക്ക്. ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തിലാണ് സഹീര്‍ ഖാന് പരിക്കേറ്റത്. 

തുടര്‍ന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ സഹീര്‍ കളിച്ചിരുന്നില്ല. പകരം കരുണ്‍ നായരുടെ നേതൃത്വത്തിലിറങ്ങിയ ഡല്‍ഹി പത്ത് വിക്കറ്റിന്റെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. അന്ന് 67 റണ്‍സിന് ഡല്‍ഹി പുറത്താകുകയും ചെയ്തു.

സഹീര്‍ ഖാന്‍ കായികക്ഷമത വീണ്ടെടുക്കാന്‍ സമയമെടുക്കുമെന്നും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ കളിക്കില്ലെന്നും ടീം വ്യക്തമാക്കി. ഹൈദരാബാദിനെതിരെയും കരുണ്‍ നായരാണ് ഡല്‍ഹിയെ നയിക്കുക. ചിലപ്പോള്‍ ഇനിയുള്ള മത്സരങ്ങളും നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും ടീമിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. എട്ടു മത്സരങ്ങളില്‍ നിന്ന് രണ്ടു ജയം മാത്രമുള്ള ഡല്‍ഹി പോയിന്റ് പട്ടികയില്‍ അവസാനമാണ്.