ബെംഗളൂരു: ഐ.പി.എല്ലില്‍ ആരാധകരുടെ പ്രതീക്ഷക്കൊത്ത് ബാറ്റു ചെയ്യാനാവത്തതില്‍ മാപ്പ് ചോദിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ക്രിസ് ഗെയ്ല്‍. പത്താം സീസണില്‍ നിറം മങ്ങിയ ഗെയ്ല്‍ അടുത്ത സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.

'എന്റെയും ബാംഗ്ലൂര്‍ ടീമിന്റെയും പ്രകടനത്തില്‍ ഞാന്‍ തൃപ്തനല്ല. വളരെ നിരാശപ്പെടുത്തുന്ന പ്രകടനം. വേദനിപ്പിച്ചതിന് ആരാധകരോട് മാപ്പ് ചോദിക്കുന്നു. ദയനീയ പ്രകടനം തുടര്‍ന്നിട്ടും ആരാധകര്‍ ഞങ്ങളെ പിന്തുണക്കാന്‍ സ്റ്റേഡിയത്തിലെത്തിയത് എന്നെ അദ്ഭുതപ്പെടുത്തി' ഗെയ്ല്‍ പറയുന്നു.

പത്താം സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 152 റണ്‍സ് മാത്രമാണ് ഗെയ്‌ലിന്റെ സമ്പാദ്യം (ബാറ്റിങ് ശരാശരി 19).ഐ.പി.എല്ലിലെ ഗെയ്‌ലിന്റെ ഏറ്റവും കുറഞ്ഞ ബാറ്റിങ് ശരാശരിയാണിത്. ഗുജറാത്ത് ലയണ്‍സിനെതിരെ നേടിയ 77 റണ്‍സ് മാത്രമാണ് ഗെയ്‌ലിന് എടുത്തു പറയാനുള്ളത്. സീസണില്‍ ബാംഗ്ലൂര്‍ ടീമും മോശം പ്രകടനമാണ് പുറത്തെടുത്തത്. ഒരു മത്സരം ബാക്കി നില്‍ക്കെ കളിച്ച 13 മത്സരങ്ങളില്‍ പത്തെണ്ണത്തിലും ബാംഗ്ലൂര്‍ തോറ്റു.