ദുബായ്: ട്വന്റി-20 ലോകകപ്പ് ആദ്യ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ ന്യൂസീലന്‍ഡിന്റെ വിജയത്തില്‍ നിര്‍ണായകമായത് ജിമ്മി നീഷാമിന്റെ പ്രകടനമായിരുന്നു. നീഷാം ക്രീസിലെത്തുമ്പോള്‍ 29 പന്തില്‍ 60 റണ്‍സായിരുന്നു ന്യൂസീലന്‍ഡിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. 

മത്സരത്തില്‍ ആകെ 11 പന്തില്‍ 27 റണ്‍സ് നേടിയ നീഷാം ഇംഗ്ലീഷ് ബൗളര്‍ ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ 17-ാം ഓവറില്‍ രണ്ടു സിക്‌സറുകളും ഒരു ഫോറും അടിച്ചെടുത്തു. ഇതോടെ മത്സരം ന്യൂസീലന്‍ഡിന് അനുകൂലമായി. കിവീസ് വിജയത്തിലെത്തും മുമ്പ് നീഷാം ഔട്ട് ആയെങ്കിലും ക്രീസിലുണ്ടായിരുന്ന ഡാരില്‍ മിച്ചലിന്റെ സമ്മര്‍ദ്ദം കുറയ്ക്കാനായി. മിച്ചല്‍ അനായാസം കളി ഫിനിഷ് ചെയ്തു.

19-ാം ഓവറിലെ അവസാന പന്തില്‍ ക്രിസ് വോക്‌സിനെ ബൗണ്ടറി കടത്തി മിച്ചല്‍ കിവീസിന്റെ വിജയറണ്‍ കുറിച്ചപ്പോള്‍ ഡഗ്ഔട്ടില്‍ ഇരുന്ന സഹതാരങ്ങള്‍ ആഘോഷത്തിന് തിരികൊളുത്തി. ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് കൈകള്‍ മുകളിലേക്കുയര്‍ത്തി ചാടി ഓരോ താരവും ആര്‍ത്തുവിളിച്ചു. എന്നാല്‍ ജിമ്മി നീഷാമും ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണും മാത്രം എഴുന്നേറ്റു നിന്നില്ല. ആഘോഷത്തിന് മുതിര്‍ന്നതുമില്ല.

വില്ല്യംസണിന്റെ മുഖത്ത് ചിരിയുണ്ടായിരുന്നു. എന്നാല്‍ ഒരു ഭാവവ്യത്യാസവുമില്ലാതെയാണ് നീഷാം ഇരുന്നത്. കുലുങ്ങാതെ ഇരിക്കുന്ന നീഷാമിന്റെ ഈ ചിത്രം നിമിഷനേരങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മിഥുനത്തിലെ ഇന്നസെന്റിന്റെ ചിത്രത്തിനൊപ്പം നീഷാമിന്റെ ചിത്രം കൂട്ടിച്ചേര്‍ത്താണ് മലയാളി ആരാധകര്‍ ട്രോളുകളുണ്ടാക്കിയത്. ഒടുവില്‍ ഇതിനെല്ലാം മറുപടിയുമായി താരം തന്നെ രംഗത്തെത്തി.

ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ ട്വീറ്റ് പങ്കുവെച്ച് നീഷാം ഇങ്ങനെ കുറിച്ചു,' ജോലി അവസാനിച്ചോ? എനിക്ക് അങ്ങനെ തോന്നുന്നില്ല.'  ന്യൂസീലന്‍ഡിന് ഇനി ഫൈനല്‍ കടമ്പ കൂടിയുണ്ടെന്നും അതിനുശേഷം ആഘോഷിക്കാം എന്നുമാണ് ഇതിലൂടെ കിവീസ് ഓള്‍റൗണ്ടര്‍ വ്യക്തമാക്കിയത്. 

Content Highlights: T20 World Cup Jimmy Neesham Explains Why He Wasn't Celebrating After New Zealand Beat England