അബുദാബി: ക്രിക്കറ്റ് ഗ്രൗണ്ട് അവിശ്വസനീയമായ പ്രകടനങ്ങള്‍ക്ക് വേദിയാകാറുണ്ട്. അത്തരമൊരു കാഴ്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ് ശ്രീലങ്ക-നമീബിയ ട്വന്റി 20 ലോകകപ്പ് യോഗ്യതാ മത്സരം. 

സൂപ്പര്‍ 12 ലേക്ക് യോഗ്യത നേടുന്നതിനുവേണ്ടി ശ്രീലങ്കയും നമീബിയയും പൊരുതുന്നതിനിടെ തകര്‍പ്പന്‍ ക്യാച്ചിലൂടെ ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് ശ്രീലങ്കയുടെ നായകനായ ഡാസണ്‍ ശനക. 

ഷോര്‍ട്ട് കവറില്‍ വെച്ച് ശനകയെടുത്ത ക്യാച്ച് ഇതിനോടകം വൈറലായിക്കഴിഞ്ഞു. നമീബിയയുടെ വാലറ്റ ബാറ്ററായ ട്രംപല്‍മാനിനെ അസാധ്യമായ ക്യാച്ചെടുത്ത് ശനക പുറത്താക്കി. ദുഷ്മന്തയുടെ പന്തില്‍ കൂറ്റനടിയ്ക്ക് ശ്രമിച്ച ട്രംപല്‍മാന്റെ ശ്രമം പാളി. പന്ത് ഷോര്‍ട്ട് കവറില്‍ ഉയര്‍ന്നുപൊന്തി. ഇതുകണ്ട ശനക തകര്‍പ്പന്‍ ഡൈവിലൂടെ പന്ത് വലത്തേ കൈയ്യിലൊതുക്കി. 

മത്സരത്തില്‍ ശ്രീലങ്ക നമീബിയയെ ഏഴുവിക്കറ്റിന് തകര്‍ത്തു. 

Content Highlights: Sri Lankan skipper Dasun Shanaka races across in-field to take a blinder against Namibia in ICC T20 WC 2021