2021 ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ചിരവൈരികളായ പാകിസ്താനെ നേരിടാനൊരുങ്ങുകയാണ്. ട്വന്റി 20 ലോകകപ്പില്‍ പാകിസ്താന് മേല്‍ എപ്പോഴും ഇന്ത്യയ്ക്കാണ് ആധിപത്യം. പക്ഷെ ചില മത്സരങ്ങളില്‍ പാക് പട ഇന്ത്യയെ വെള്ളം കുടിപ്പിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഏതെങ്കിലുമൊരു ഇന്ത്യന്‍ താരം വീരോചിതമായ ഇന്നിങ്‌സിലൂടെ ഇന്ത്യയെ വിജയത്തിലെത്തിക്കാറുണ്ട്. അത്തരത്തിലൊരു പോരാട്ടത്തിനാണ് 2016 ട്വന്റി 20 ലോകകപ്പ് വേദിയായത്.

2016-ല്‍ ഇന്ത്യയായിരുന്നു ലോകകപ്പിന് വേദിയായത്. സൂപ്പര്‍ 10 പോരാട്ടത്തിലാണ് ഇന്ത്യയും പാകിസ്താനും പരസ്പരം ഏറ്റുമുട്ടിയത്. ഒരു ഘട്ടത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്ന് ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് വിരാട് കോലിയുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു.

സ്‌കോര്‍ ബോര്‍ഡ് പരിശോധിച്ചാല്‍ ഇന്ത്യ അനായാസവിജയം നേടിയെന്ന് തോന്നിക്കുന്ന മത്സരമാണിത്. മഴമൂലം 18 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ പാകിസ്താനെ ബാറ്റിങ്ങിന് അയച്ച് 118 റണ്‍സിലൊതുക്കിയ ശേഷം 13 പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയം കണ്ടു.

എന്നാല്‍ മത്സരശേഷം കാണും പോലെ അത്ര എളുപ്പമായിരുന്നില്ല ഇന്ത്യന്‍ ജയം. ബദ്ധവൈരികളായ പാകിസ്താനെതിരായ മത്സരം ഇരു ടീമിലെയും താരങ്ങള്‍ക്ക് അതിസമ്മര്‍ദ്ദം നല്‍കുന്ന പോരാട്ടങ്ങള്‍ തന്നെയാണ്. ഒപ്പം തോറ്റാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുമെന്ന ഭീഷണിയും. 

സച്ചിനും ഗവാസ്‌കറും അക്രവും ഇമ്രാന്‍ ഖാനുമുള്‍പ്പെടെയുള്ള മുന്‍താരങ്ങള്‍ താരങ്ങളുടെ സാന്നിധ്യത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തിലെ ജയം ഇന്ത്യക്ക് അഭിമാന പ്രശ്നമായിരുന്നു. ഒരു ലോകകപ്പ് മത്സരത്തില്‍ പോലും പാകിസ്താനോട് തോറ്റിട്ടില്ലെന്ന റെക്കോഡ് കൂടിയായപ്പോള്‍ സമ്മര്‍ദ്ദച്ചൂട് ഈഡന്‍ ഗാര്‍ഡന്‍സില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെയുള്ള ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലേക്കും വ്യാപിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും സമ്മര്‍ദ്ദം നിറഞ്ഞുനിന്ന മത്സരങ്ങളിലൊന്നില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 108 പന്തില്‍ 119 റണ്‍സ്. 26 പന്തുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യയുടെ മൂന്ന് മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ തിരിച്ച് പവിലിയനിലെത്തി. ഇതിനിടെ സ്‌കോര്‍ബോര്‍ഡിലെത്തിയത് വെറും 23 റണ്‍സും. ഇതോടെ കളിക്കളം ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് സമ്മര്‍ദ്ദ ഭൂമിയായി.

ലോകകപ്പില്‍ ഇന്ത്യയെ തോല്‍പിക്കാനായിട്ടില്ലെന്ന നാണക്കേടൊഴിവാക്കാന്‍ പാക് താരങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും പരിചയ സമ്പത്തുകൊണ്ട് യുവരാജും പ്രതിഭകൊണ്ട് കോലിയും ക്രീസില്‍ ഉറച്ചുനിന്നപ്പോള്‍ ഇന്ത്യ കളിയിലേക്ക് തിരിച്ചുവന്നു. ശ്രദ്ധയോടെ ബാറ്റ് വീശിയ സഖ്യം പത്തോവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 60ല്‍ എത്തിച്ചു. അപ്പോള്‍ ഇന്ത്യക്ക് ജയത്തിലേക്കുളള ദൂരം 48 പന്തില്‍ 59 റണ്‍സ്.

ഷുഐബ് മാലിക് എറിഞ്ഞ 11-ാം ഓവറില്‍ 14ഉം വഹാബ് റിയാസിന്റെ 12-ാം ഓവറില്‍ 10ഉം റണ്‍സെടുത്ത് സഖ്യം ടീമിനെ വിജയത്തോടടുപ്പിച്ചു. റിയാസിന്റെ അവസാന പന്തില്‍ യുവരാജ് (23 പന്തില്‍ 24) പുറത്തായെങ്കിലും അപ്പോഴേക്കും ഇന്ത്യക്ക് ജയിക്കാന്‍ വേണ്ട റണ്‍സ് പന്തിനേക്കാള്‍ താഴെയെത്തിയിരുന്നു. കോലിക്കൊപ്പം 7.2 ഓവറില്‍ യുവരാജ് ചേര്‍ത്ത 61 റണ്‍സ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.

അപരാജിത അര്‍ധസെഞ്ച്വറിയുമായി (37 പന്തില്‍ 55, 7 ബൗണ്ടറി, 1 സിക്സ്) കോലി ക്രീസില്‍ ഉറച്ചുനിന്നപ്പോള്‍ 9 പന്തില്‍ 15 റണ്‍സെടുത്ത് ക്യാപ്റ്റന്‍ ധോനി ഉറച്ച പിന്തുണ നല്‍കി. മുഹമ്മദ് ഇര്‍ഫാന്റെ 15-ാം ഓവറില്‍ സിക്സും സിംഗിളുമെടുത്ത് ധോനി തന്നെ ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു. 3.5 ഓവറിലാണ് സഖ്യം അവസാന 35 റണ്‍സ് ചേര്‍ത്തത്. ടൂര്‍ണമെന്റില്‍ പാകിസ്താന്‍ വെറും ഒരു മത്സരത്തില്‍ മാത്രം വിജയിച്ച് സെമി കാണാതെ പുറത്തായി. രണ്ടാം ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ് പാകിസ്താന്‍ ലോകകപ്പ് അവസാനിപ്പിച്ചത്. ഇന്ത്യ സെമിയില്‍ പ്രവേശിച്ചെങ്കിലും ലോകകപ്പ് ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസിനോട് പരാജയപ്പെട്ടു. 

പാകിസ്താനെതിരായ മത്സരത്തില്‍ നിര്‍ണായക സാന്നിധ്യമായ കോലിയാണ് ഈ ലോകകപ്പില്‍ ഇന്ത്യയെ നയിക്കുന്നത്. അന്ന് പാകിസ്താനെതിരേ കളിച്ച പല താരങ്ങള്‍ ഇന്നും ഇന്ത്യന്‍ ടീമിലുണ്ട്. ഒക്ടോബര്‍ 24 ന് ലോകം ഇന്ത്യ-പാക് മത്സരത്തിലേക്ക് ചുരുങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല.

Content Highlights: Spectacular performance by Virat Kohli against Pakistan in 2016 t20 world cup