രോ ലോകകപ്പും സമ്മാനിക്കുന്നത് ഓരോ ഓര്‍മകളാണ്. മനസ്സില്‍ നിന്നും ഒരിക്കലും മായ്ച്ചുകളയാനാകാത്തവ. വീണ്ടുമൊരു ട്വന്റി-20 ലോകകപ്പിന് കളമൊരുങ്ങുമ്പോള്‍ ആ ഓര്‍മകളിലേക്കൊരു യാത്ര...

യുവരാജിന്റെ അദ്ഭുത സിക്‌സറുകള്‍

2007-ല്‍ നടന്ന പ്രഥമ ട്വന്റി-20 ലോകകപ്പില്‍ തന്നെ ലോകം ഒരു ചരിത്ര നിമിഷത്തിന് സാക്ഷിയായി. ഇന്ത്യയുടെ യുവരാജ് സിങ്ങായിരുന്നു ആ ചരിത്രത്തിന് ഉടമ. ഡര്‍ബനില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലീഷ് പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ഒരോവറിലെ ആറു പന്തിലും യുവരാജ് സിക്‌സറിലേക്ക് പറത്തി. ആറു പന്തില്‍ ആറു സിക്‌സ് എന്ന അത്യപൂര്‍വ്വ നേട്ടം യുവരാജ് സ്വന്തമാക്കി. അന്ന് 18 റണ്‍സിന് വിജയിച്ച ഇന്ത്യ ആ ലോകകപ്പ് ഫൈനലില്‍ പാകിസ്താനെ തോല്‍പ്പിച്ച് കിരീടം നേടി. 

ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് നെതര്‍ലന്‍ഡ്‌സ്

2009-ലെ ലോകകപ്പില്‍ ക്രിക്കറ്റിന്റെ തറവാട് മുറ്റമായ ലോര്‍ഡ്‌സില്‍ കുഞ്ഞന്‍ ടീമായ നെതര്‍ലന്‍ഡ്‌സ് ഇംഗ്ലണ്ടിനെ അട്ടിമറിച്ചത് ക്രിക്കറ്റ് ആരാധകര്‍ അദ്ഭുതത്തോടെയാണ് കണ്ടത്. 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സ് ടോമി ഡി ഗ്രൂതിന്റെ നിര്‍ണായകമായ 49 റണ്‍സിലാണ് വിജയം പിടിച്ചത്. 

ബ്രാത്‌വെയ്റ്റ് സ്‌പെഷ്യല്‍

2016-ല്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ബ്രാത് വെയ്റ്റിന്റെ സിക്‌സറില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെസ്റ്റന്‍ഡീസ് കിരീടം ചൂടി. അവസാന ഓവറില്‍ വിജയിക്കാന്‍ വേണ്ടത് 19 റണ്‍സ്. ഒരു വശത്ത് 66 പന്തില്‍ 85 റണ്‍സെടുത്ത് നില്‍ക്കുന്ന മാര്‍ലോണ്‍ സാമുവല്‍സ്. ക്രീസില്‍ നില്‍ക്കുന്നത് ബ്രാത്‌വെയ്റ്റ്. ബെന്‍ സ്റ്റോക്ക്‌സിനെ നിലംപരിശാക്കി ആ ഓവറില്‍ നാല് സിക്‌സര്‍ പറത്തി ബ്രാത്‌വെയ്റ്റ് വിന്‍ഡീസിനെ ചാമ്പ്യന്‍മാരാക്കി. 

ലോര്‍ഡ്‌സില്‍ പാകിസ്താന്റെ വിജയച്ചിരി

ജോഹന്നാസ്ബര്‍ഗില്‍ ഇന്ത്യയോട് അഞ്ചു റണ്‍സിന് അടിയറവ് വെച്ച കിരീടം രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്താന്‍ ഹൃദയത്തോട് ചേര്‍ത്തു. ലോര്‍ഡ്‌സില്‍ ശ്രീലങ്കയെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ചായിരുന്നു ഈ നേട്ടം. ശ്രീലങ്ക ആറു വിക്കറ്റിന് 138 റണ്‍സെടുത്തപ്പോള്‍ ഷാഹിദ് അഫ്രീദി പുറത്താകാതെ 40 പന്തില്‍ നേടിയ 54 റണ്‍സ് പാകിസ്താനെ വിജയത്തിലേക്ക് നയിച്ചു.

ഹെറാതിന്റെ ഹൈ ഫൈവ്

2014-ല്‍ ചാമ്പ്യന്‍മാരായ ശ്രീലങ്കയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. തോല്‍വിത്തുമ്പില്‍ നിന്ന് വിജയം പിടിച്ചെടുത്താണ് അവര്‍ സെമി ഫൈനലിലെത്തിയത്. സെമിയിലെത്താന്‍ ന്യൂസീലന്റിനെതിരേ ആയിരുന്നു ലങ്കയുടെ മത്സരം. 119 റണ്‍സിന് ലങ്ക പുറത്തായി. പിന്നീട് അഞ്ചു വിക്കറ്റ് വീഴ്ത്തിയ രംഗണ ഹെറാത്തിന്റെ പ്രകടനം ലങ്കയെ വിജയത്തിലേക്ക് നയിച്ചു. ബ്രണ്ടന്‍ മക്കല്ലം, റോസ് ടെയ്‌ലര്‍, ജിമ്മി നീഷാം, ലൂക്ക് റോഞ്ചി, ട്രെന്‍ ബോള്‍ട്ട് എന്നിവരുടെ വിക്കറ്റുകളാണ് ഹെറാത് വീഴ്ത്തിയത്.

ഇംഗ്ലണ്ടിന്റെ വമ്പന്‍ ചെയ്‌സ്

2016-ല്‍ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന സൂപ്പര്‍ 10 മത്സരം ആവേശം അതിരുവിടുന്നതായിരുന്നു. ദക്ഷിണാഫ്രിക്ക പടുത്തുയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം ഇംഗ്ലണ്ട് മറികടന്നു. മുംബൈയില്‍ 230 റണ്‍സിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് ജോ റൂട്ടിന്റേയും (44 പന്തില്‍ 83) ജേസണ്‍ റോയിയുടേയും (16 പന്തില്‍ 43) ബാറ്റിങ് വിജയം സമ്മാനിക്കുകയായിരുന്നു. അവസാന ഓവറില്‍ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും രണ്ടു പന്ത് ശേഷിക്കെ മോയിന്‍ അലിയുടെ ഷോട്ടില്‍ ഇംഗ്ലണ്ട് വിജയിച്ചു. 

Content Highlights: Six memorable moments from T20 World Cup