ഇന്ത്യക്കും മുമ്പേ, 1930-ല്‍ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റ് കളിച്ചുതുടങ്ങിയതാണ് ന്യൂസീലന്‍ഡ്. പക്ഷേ ആദ്യടെസ്റ്റ് വിജയത്തിനായി 26 വര്‍ഷം കാത്തിരുന്നു. 1973-ല്‍ ആദ്യ അന്താരാഷ്ട്ര ഏകദിനം കളിച്ചു. ഇതുവരെ ഏകദിന ലോകകിരീടം നേടാനായിട്ടില്ല. ട്വന്റി 20 യിലും കിരീടമില്ല. എന്നിട്ടും അവര്‍ തളര്‍ന്നില്ല. കാത്തിരിപ്പിന്റെ അവസാനം, അടിവെച്ചടിവെച്ച് ലോകക്രിക്കറ്റിന്റെ നെറുകയിലേക്ക് നടന്നടുക്കുകയാണ് 'ബ്ലാക് ക്യാപ്സ്' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീം.

ബുധനാഴ്ച ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ വകഞ്ഞുമാറ്റി ഫൈനലിലേക്ക് കുതിക്കുമ്പോള്‍ സമീപകാലത്ത് ലോകക്രിക്കറ്റില്‍ ഉണ്ടാക്കിയ ആധിപത്യത്തിന് അടിവരയിടുകയാണ് കറുത്ത തൊപ്പിക്കാരും അവരുടെ കപ്പിത്താനായ കെയ്ന്‍ വില്യംസണും.

പതിറ്റാണ്ടുകളോളം ലോകക്രിക്കറ്റില്‍ ശരാശരിക്കാരുടെ പട്ടികയിലായിരുന്നു ന്യൂസീലന്‍ഡ്. എല്ലാ ടൂര്‍ണമെന്റുകളിലും അവരുടെ സാന്നിധ്യമുണ്ടാകും. പ്രമുഖര്‍ക്കെല്ലാം ഭീഷണിയുയര്‍ത്തും. പക്ഷേ, കിരീടത്തിന്റെ നാലടി അകലെ കാലിടറും.

ആ പരിമിതികളെ കെയ്ന്‍ വില്യംസന്റെ നേതൃത്വത്തില്‍ ന്യൂസീലന്‍ഡ് മറികടന്നിരിക്കുന്നു. ഏഴുവര്‍ഷത്തിനിടെ അവര്‍ ലോകക്രിക്കറ്റില്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ നോക്കൂ. 2015, 2019 ഏകദിന ലോകകപ്പുകളില്‍ റണ്ണറപ്പ്, അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി.) പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം (90 വര്‍ഷത്തിലേറെയായി അന്താരാഷ്ട്രക്രിക്കറ്റില്‍ കളിക്കുന്ന ന്യൂസീലന്‍ഡിന് കിട്ടിയ ആദ്യ മേജര്‍ കിരീടമാണിത്). ഈവര്‍ഷം ജനുവരിയില്‍, ചരിത്രത്തില്‍ ആദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. ഇപ്പോള്‍ ഏകദിനത്തിലും ടെസ്റ്റിലും ഒന്നാം റാങ്കില്‍.

ഈ ലോകകപ്പിലെ ഏറ്റവും മികച്ച മത്സരം എന്നാണ് ഇന്ത്യയുടെ മുന്‍താരം വീരേന്ദര്‍ സെവാഗ് ബുധനാഴ്ചത്തെ സെമിയെ വിശേഷിപ്പിച്ചത്. ഏകദിന ലോകകപ്പ് ഫൈനലില്‍ ബൗണ്ടറികളുടെ എണ്ണത്തിന്റെ പേരില്‍ തങ്ങളെ മറികടന്ന് കിരീടം നേടിയ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ മനസ്സുറപ്പോടെ എത്തിയ ന്യൂസീലന്‍ഡിനു മുന്നില്‍ ഇംഗ്ലണ്ടിന്റെ കണക്കുകള്‍ തെറ്റി.

16-ാം ഓവര്‍ വരെ പിന്നിലായിരുന്നു കിവീസ്. 24 പന്തില്‍ 57 റണ്‍സ് വേണ്ടിയിരിക്കേ, 17 പന്തില്‍ 40 റണ്‍സെടുത്ത ഡാരില്‍ മിച്ചെല്‍-ജെയിംസ് നീഷാം സഖ്യത്തിന്റെ ആത്മവിശ്വാസം ഇംഗ്ലണ്ടിന്റെ ആയുധങ്ങളെ അപ്രസക്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 29 മത്സരങ്ങള്‍ മാത്രം കളിച്ച ഡാരില്‍ മിച്ചെല്‍ ഓപ്പണറായെത്തി 47 പന്തില്‍ 72 റണ്‍സുമായി ടീമിനെ ജയിപ്പിച്ചശേഷമാണ് മടങ്ങിയത്. നിയോഗം പോലെ, ഇംഗ്ലണ്ട് അടിച്ച ബൗണ്ടറികള്‍ 18, ന്യൂസീലന്‍ഡ് അടിച്ചത് 19.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ളവര്‍ ന്യൂസീലന്‍ഡിന്റെ കളിയോട് ആദരം അറിയിച്ചു. പറക്കാന്‍ കഴിയാത്ത കിവി പക്ഷികളായല്ല, ഏത് എതിരാളിയെയും പറപ്പിക്കുന്ന കരുത്തരായാണ് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീം ഇനി അറിയപ്പെടുക.

Content Highlights: new zealand team the icc t20 world cup 2021 finalists