ന്ത്യന്‍ ക്രിക്കറ്റിലെ സമാനതകളില്ലാത്ത താരങ്ങളാണ് എംഎസ് ധോനിയും വിരാട് കോലിയും. ഇരുവരും തമ്മിലുള്ള ഒരുപാട് മനോഹര നിമിഷങ്ങള്‍ ആരാധകര്‍ ഗ്രൗണ്ടില്‍ പലപ്പോഴും കണ്ടിട്ടുണ്ട്. ഒരേ ടീമിലെ താരങ്ങള്‍ എന്നതിനപ്പുറം ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം കാണിക്കുന്നതായിരുന്നു ആ നിമിഷങ്ങള്‍. അതില്‍ ഏറ്റവും മനോഹരം 2014 ട്വന്റ-20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെമി ഫൈനലില്‍ വിജയറണ്‍ നേടുന്നതിന് തൊട്ടുമുമ്പ് സംഭവിച്ച കാര്യങ്ങളാണ്. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. 58 റണ്‍സെടുത്ത ഫാഫ് ഡു പ്ലെസിസ് ആയിരുന്നു ടോപ് സ്‌കോറര്‍. ജെപി ഡുമിനി 40 പന്തില്‍ 45 റണ്‍സും നേടി. മൂന്നു വിക്കറ്റുമായി ആര്‍ അശ്വിന്‍ തിളങ്ങിയ മത്സരമായിരുന്നു ഇത്. 

മറുപടി ബാറ്റിങ്ങില്‍ 39 റണ്‍സില്‍ ഇന്ത്യക്ക് ഓപ്പണര്‍ രോഹിത് ശര്‍മയെ നഷ്ടമായി. 24 റണ്‍സായിരുന്നു സമ്പാദ്യം. 32 റണ്‍സെടുത്ത് അജിങ്ക്യ രഹാനെയും പുറത്തായതോടെ ഇന്ത്യ രണ്ടിന് 77 എന്ന നിലയിലായി. എന്നാല്‍ മൂന്നാമനായി ഇറങ്ങിയ വിരാട് കോലി നിലയുറപ്പിച്ചു. 44 പന്തില്‍ ഏഴു ബൗണ്ടറികളുടെ സഹായത്തോടെ കോലി അടിച്ചെടുത്തത് 72 റണ്‍സ്. യുവരാജ് സിങ്ങുമായി ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 56 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 18 റണ്‍സുമായി യുവരാജ് പുറത്തായശേഷം ക്രീസിലെത്തിയ സുരേഷ് റെയ്‌നക്കും അധികം ആയുസുണ്ടായിരുന്നില്ല. 10 പന്തില്‍ 21 റണ്‍സെടുത്ത് 19-ാം ഓവറിന്റെ മൂന്നാം പന്തില്‍ ക്രീസ് വിട്ടു. ആ സമയത്ത് ഇന്ത്യ വിജയത്തിന്റെ തൊട്ടടുത്ത് എത്തിയിരുന്നു. 

പിന്നീട് എംഎസ് ധോനിയാണ് ഇറങ്ങിയത്. 19-ാം ഓവറിലെ അഞ്ചാം പന്തില്‍ കോലി സിംഗിളെടുത്ത് ധോനിക്ക് സ്‌ട്രൈക്ക് മാറി. ഏഴു പന്തില്‍ ഒരു റണ്ണായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. ധോനി വിജയറണ്‍ നേടട്ടെ എന്നായിരുന്നു കോലിയുടെ ആഗ്രഹം. പക്ഷേ അതിനും മുകളില്‍ ചിന്തിക്കുന്ന വ്യക്തിയായിരുന്നു ധോനി. വിജയറണ്‍ കണ്ടെത്താതെ ധോനി ആ പന്ത് പ്രതിരോധിച്ച് മത്സരം അവസാന ഓവറിലെത്തിച്ചു. ഇത് എന്താണ് ചെയ്തതെന്ന് കോലി ധോനിയോട് ചോദിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഡഗ് ഔട്ടിലിരിക്കുന്നവര്‍ക്ക് അത് ചിരി സമ്മാനിച്ച നിമിഷമായിരുന്നു. അതിനിടയില്‍ ആ ഷോട്ട് അനുകരിക്കുന്ന തിരക്കിലായിരുന്നു രവീന്ദ്ര ജഡേജ. 

ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച കോലി തന്നെ വിജയറണ്‍ നേടട്ടെ എന്ന നിലപാടിലായിരുന്നു ധോനി. അങ്ങനെ അവസാന ഓവറിലെ ആദ്യ പന്ത് മിഡ് വിക്കറ്റിലൂടെ ബൗണ്ടറിയിലെത്തിച്ച് കോലി സ്വതസിദ്ധമായ ആഘോഷം തുടങ്ങി. ഇന്ത്യ ഫൈനലിലേക്ക് മുന്നേറി. 

Content Highlights: MS Dhoni’s sweet gesture to Virat Kohli in 2014 ICC World T20 semi-final