ബംഗ്ലാദേശ് ക്രിക്കറ്റിന് എന്നും വിങ്ങല്‍ സമ്മാനിക്കുന്ന ഓര്‍മയാണ് 2016 ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയ്‌ക്കെതിരായ മത്സരം സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ വിജയമുറപ്പിച്ച ബംഗ്ലാ കടുവകള്‍ അതിദയനീയമായി തകര്‍ന്ന് തോല്‍വിയിലേക്ക് കൂപ്പുകുത്തി. ആവേശം വാനോളം നിറഞ്ഞ മത്സരത്തില്‍ ഇന്ത്യ ഒരു റണ്‍സിന് വിജയം സ്വന്തമാക്കി. ഒപ്പം സൈമി ഫൈനല്‍ പ്രവേശനവും. ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഷ്ഫിഖുര്‍ റഹീം വിജയത്തിലെത്തുന്നതിനുമുന്‍പേ അമിതാവേശം കാണിച്ചതും പിന്നീട് പുറത്തായി കണ്ണീരണിഞ്ഞതുമെല്ലാം ഇന്നും ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലുണ്ട്. 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏതു ടീമിനെയും തോല്‍പിക്കാന്‍ കെല്‍പുള്ളവരായി ഉയര്‍ന്നുവന്ന ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ ലോകകപ്പിലെ മൂന്നാം മത്സരമായിരുന്നു അത്. ഏഷ്യാകപ്പ് ഫൈനലിലെ തോല്‍വിക്ക് പകരം വീട്ടാന്‍ ബംഗ്ലാദേശ് കച്ചകെട്ടി ഇറങ്ങുമ്പോള്‍ സെമി പ്രവേശത്തിന് ഇന്ത്യക്ക് വിജയം അനിവാര്യമായിരുന്നു. ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ നേടാനായത് 146 റണ്‍സ് മാത്രം. ബാറ്റിങ്ങില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാതെ പോയ ടീം ഇന്ത്യ ഫീല്‍ഡിങ്ങിലും പിഴവുകള്‍ ആവര്‍ത്തിച്ചപ്പോള്‍ ബംഗ്ലാ ടീം വിജയത്തിലേക്ക് ഇഞ്ചിഞ്ചായി മുന്നേറി.

അവസാന നാലോവറില്‍ ബംഗ്ലാദേശിന് അഞ്ച് വിക്കറ്റ് ശേഷിക്കേ വേണ്ടത് 34 റണ്‍സ് മാത്രം. മഹ്മൂദുള്ളയും സൗമ്യ സര്‍ക്കാരും ക്രീസില്‍. 17-ാം ഓവറില്‍ 7 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ബുംറ ബംഗ്ലാദേശിനെ സമ്മര്‍ദ്ദത്തിലാക്കി. അടുത്ത ഓവറിലെ അഞ്ചാം പന്തില്‍ സൗമ്യ സര്‍ക്കാരിനെ പുറത്താക്കി നെഹ്റ പിടിമുറുക്കിയെങ്കിലും അവസാന പന്തില്‍ ബൗണ്ടറിയോടെ മഹ്മൂദുള്ള തന്റെ ടീമിന്റെ സാധ്യതകള്‍ നിലനിര്‍ത്തി. 

നെഹ്റയുടെ ഓവറില്‍ പത്ത് റണ്‍സ് പിറന്നതോടെ ബംഗ്ലാദേശിന് ജയിക്കാന്‍ രണ്ടോവറില്‍ വേണ്ടത് 17 റണ്‍സ്. ഇന്ത്യ മത്സരം കൈവിട്ടെന്ന് കരുതിയ നിമിഷങ്ങള്‍. എന്നാല്‍ 19-ാം ഓവറില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ  ജസ്പ്രീത് ബുംറ വിട്ടുകൊടുത്തത് ആറ് സിംഗിളുകള്‍. മത്സരം അവസാന ഓവറിലേക്ക്. ബംഗ്ലാദേശിന് ജയിക്കാന്‍ 11 റണ്‍സ്. മത്സരം എങ്ങോട്ടും തിരിയാമെന്ന നിലയില്‍.

പേസര്‍മാരില്‍ ഓവര്‍ അവശേഷിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയെ ധോനി പന്തേല്‍പിച്ചു. ആദ്യ പന്തില്‍ മഹ്മൂദുള്ളയുടെ സിംഗിള്‍. തൊട്ടടുത്ത രണ്ട് പന്തും ബൗണ്ടറിയിലേക്ക് പായിച്ച് മുഷ്ഫിഖുര്‍ റഹീം ബംഗ്ലാദേശിനെ വിജയത്തിന് രണ്ട് റണ്‍സ് അടുത്തെത്തിച്ചു. നാല് വിക്കറ്റ് ശേഷിക്കേ ബംഗ്ലാദേശിന് മൂന്ന് പന്തില്‍ വേണ്ടത് രണ്ട് റണ്‍സ് മാത്രം.

തോല്‍വി ഏറെക്കുറെ ഉറപ്പായെങ്കിലും ഇന്ത്യ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. ഗ്രൗണ്ടില്‍ കൂടിയാലോചനയുടെ ചൂട്. ധോനിയും നെഹ്റയും കോലിയുമെല്ലാം തന്ത്രങ്ങള്‍ മെനയുന്ന തിരക്കില്‍. നാലാം പന്തില്‍ പാണ്ഡ്യയുടെ സ്ലോ ഷോട്ട് ബോള്‍ ബൗണ്ടറിയിലൂടെ വിജയത്തിലെത്താനുള്ള മുഷ്ഫിഖുറിന്റെ ശ്രമം പാളി. പന്ത് ധവാന്റെ കയ്യില്‍ ഭദ്രം.

ബംഗ്ലാദേശിന് രണ്ട് പന്തില്‍ രണ്ട് റണ്‍സ്. മഹ്മൂദുള്ളയ്ക്കെതിരെ പാണ്ഡ്യയുടെ ഫുള്‍ ടോസ്. വന്‍ഷോട്ടിന് പ്രേരിപ്പിക്കുന്ന പന്തില്‍ മഹ്മൂദുള്ളയും കുടുങ്ങി. ധോനി കവറിലേക്ക് നീക്കി നിര്‍ത്തിയ ജഡേജയുടെ കയ്യില്‍ മഹ്മൂദും അവസാനിച്ചു. 

അവസാന പന്ത് നേരിടുന്നത് പത്താമനായ ഷുവഗത ഹോം. ഒരു റണ്ണെങ്കിലും നേടാനായാല്‍ മത്സരം ടൈ. പന്ത് ബാറ്റില്‍ കൊണ്ടാലുമില്ലെങ്കിലും ബംഗ്ലാ ബാറ്റ്സ്മാന്‍മാര്‍ റണ്ണിന് ശ്രമിക്കുമെന്നുറപ്പ്. മൂന്ന് മിനിറ്റ് ആലോചനയ്ക്ക് ശേഷമാണ് ഇന്ത്യ അവസാന പന്തെറിഞ്ഞത്. 

ഓഫ് സ്റ്റമ്പിന് പുറത്തേക്ക് നീക്കി പാണ്ഡ്യ എറിഞ്ഞ ഷോട്ട് പിച്ച് പന്ത് ഷുവഗതയുടെ ബാറ്റില്‍ കൊള്ളാതെ ധോനിയുടെ കയ്യില്‍. ഗ്ലൗസ് ഊരി തയ്യാറായി നിന്ന ധോനി പക്ഷേ പന്ത് ത്രോ ചെയ്യാതെ സ്ട്രൈക്കര്‍ എന്‍ഡിലേക്ക് ഓടി സ്റ്റമ്പ് ചെയ്തു. റീപ്ലേകളില്‍ നോണ്‍ സ്ട്രൈക്കര്‍ മുസ്തഫിസുറിനെ ധോനി ഓടിത്തോല്‍പിച്ചെന്ന് വ്യക്തമായതോടെ ഇന്ത്യക്ക് ഒരു റണ്‍സിന്റെ ആവേശജയം സ്വന്തമായി. ധോനിയുടെ തന്ത്രങ്ങളാണ് ഈ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. 2007 ലോകകപ്പ് ഫൈനല്‍ പോലെ ഈ മത്സരവും ഇന്ത്യന്‍ ആരാധകര്‍ എന്നും മനസ്സില്‍ സൂക്ഷിക്കും. ഒരു നൊമ്പരത്തോടെ ബംഗ്ലാദേശും...

Content Highlights: India win a last ball thriller match against Bangladesh