ന്ത്യ-പാകിസ്താന്‍ മത്സരം പോലെയാണ് ആരാധകര്‍ക്ക് ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടം. തിളയ്ക്കുന്ന ആവേശത്തോടെ ഇന്ത്യ-ഓസീസ് പോരാട്ടങ്ങള്‍ പലതവണ നടന്നിട്ടുണ്ട്. ഏകദിന ലോകകപ്പുകളില്‍ ഇന്ത്യ പലപ്പോഴും ഓസീസിനുമുന്നില്‍ അടിയറവ് പറഞ്ഞിട്ടുണ്ടെങ്കിലും ട്വന്റി 20 ലോകകപ്പില്‍ അത് നേരെ തിരിച്ചാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യയ്ക്ക് വ്യക്തമായ ആധിപത്യമുണ്ട്. 2007 ട്വന്റി 20 ലോകകപ്പ് സെമിയില്‍ ഓസീസിനെ കടപുഴക്കിയ ഇന്ത്യയുടെ ഇന്നിങ്‌സ് ഇന്നും ആരാധകരുടെ മനസ്സില്‍ മായാതെ കിടപ്പുണ്ട്. 2016 ട്വന്റി 20 ലോകകപ്പിലും ഓസ്‌ട്രേലിയയ്‌ക്കെതിരേ ഉശിരന്‍ പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. 

തോല്‍ക്കുമെന്ന് ഉറപ്പിച്ച മത്സരത്തില്‍ വിരാട് കോലിയെന്ന ലോകോത്തര താരം ഇന്ത്യയ്ക്ക് സമ്മാനിച്ച വിജയം ക്രിക്കറ്റ് ചരിത്രത്തിലെന്നും മായാതെ നിലനില്‍ക്കും. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും പുറത്താവാതെ പിടിച്ചുനിന്ന കോലി തീതുപ്പുന്ന ഓസീസ് ബൗളര്‍മാരെ കണക്കിന് പ്രഹരിച്ച് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 51 പന്തുകളില്‍ നിന്ന് 82 റണ്‍സെടുത്ത് കോലി വീരനായകനായി ഓസീസിന്റെ തലയില്‍ ചവിട്ടിനിന്നു. ആ വിജയം ഇപ്പോഴും ഇന്ത്യന്‍ ആരാധകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. 

നിര്‍ണായക മത്സരമായിരുന്നു. ജയിക്കുന്ന ടീം സെമിയിലേക്ക് മുന്നേറും. ശക്തരായ ഓസീസിനെതിരെ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ ജയിക്കുമോ എന്ന കാര്യം സംശയം. ബംഗ്ലാദേശിനെതിരെ അവസാന ഘട്ടത്തിലൊഴികെ ഇന്ത്യയുടെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു.

മത്സരത്തിന് മുമ്പേ ഇന്ത്യക്കെതിരെ ഓസീസ് വാക് പോര് ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ലോകകപ്പ് സെമിയില്‍ ഓസീസിനോടേറ്റ ദയനീയ പരാജയത്തെ ഓര്‍മിപ്പിച്ചുകൊണ്ട് മുന്‍ ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സണ്‍ രംഗത്തെത്തി. മികച്ച പ്രകടനം പുറത്തെടുക്കുമെന്ന കോലിയുടെ അഭിപ്രായത്തോടായിരുന്നു ജോണ്‍സന്റെ പ്രതികരണം.

മഴ മാറിനിന്ന മൊഹാലിയിലെ സായാഹ്നത്തില്‍ പതിവുപോലെ ധോനിക്ക് ടോസ് നഷ്ടമായി ഫീല്‍ഡിങ്ങിന് ഇറങ്ങേണ്ടിവന്നു. (മത്സരം ഉപേക്ഷിച്ചിരുന്നെങ്കില്‍ റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഓസീസ് സെമിയിലെത്തുമായിരുന്നു). ബാറ്റിങ് ആരംഭിച്ച ഓസീസിന് ഖവാജയും ഫിഞ്ചും ചേര്‍ന്ന് മിന്നല്‍ത്തുടക്കം നല്‍കിയപ്പോള്‍ ആദ്യ നാലോവറില്‍ പിറന്നത് 53 റണ്‍സ്. എന്നാല്‍ പിന്നീട് സ്പിന്നര്‍മാര്‍ പിടിമുറുക്കിയതോടെ കംഗാരുക്കള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സില്‍ ഇന്നിങ്സ് അവസാനിപ്പിച്ചു.

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യന്‍ മുന്‍നിര പതിവുതെറ്റിച്ചില്ല. 50 റണ്‍സെടുക്കുമ്പൊഴേക്കും ധവാനും ശര്‍മയും റെയ്നയും ഡ്രസ്സിങ് റൂമില്‍ വിശ്രമത്തിലായി. പിന്നീടെത്തിയ യുവരാജിന് രണ്ടാം പന്തില്‍ തന്നെ പരിക്കേറ്റപ്പോള്‍ ഇന്ത്യന്‍ സ്‌കോറിങ്ങിനും പരിക്കേറ്റ അവസ്ഥയിലായി. പരിക്കേറ്റിട്ടും ബാറ്റിങ് തുടര്‍ന്ന യുവരാജ് കോലിക്കൊപ്പം 14-ാം ഓവര്‍ വരെ പിടിച്ചു നിന്ന് 45 റണ്‍സ് ചേര്‍ത്തു.

യുവരാജിന് പകരം ധോനി ക്രീസിലെത്തുമ്പോള്‍ ഇന്ത്യക്ക് വേണ്ടത് 36 പന്തില്‍ 67 റണ്‍സ്! മത്സരം ഓസീസിന്റെ കയ്യില്‍, കോലിയുടെ ഫോമിലും ധോനിയുടെ സ്ഥിരതയിലും മാത്രമായി ഇന്ത്യന്‍ പ്രതീക്ഷകള്‍. പത്തോവറിന് ശേഷം എന്തുചെയ്യണമെന്ന് തനിക്ക് നിശ്ചയമില്ലായിരുന്നെന്ന മത്സശേഷമുള്ള കോലിയുടെ പ്രതികരണം തന്നെ ഇന്ത്യയുടെ അപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്നു.

ധോനി ക്രീസിലെത്തിയതോടെ സ്‌കോര്‍ബോര്‍ഡിന്റെ ചലനം വേഗത്തിലായി. മൊഹാലിയിലെ വലിയ ഗ്രൗണ്ടില്‍ സിംഗിളുകള്‍ ഡബിളുകളാക്കി കോലി-ധോനി സഖ്യം ഓസീസ് ഫീല്‍ഡര്‍മാരില്‍ സമ്മര്‍ദ്ദമേറ്റി. 15, 16, 17 ഓവറുകളില്‍ ഓരോ ബൗണ്ടറികളാണ് പിറന്നതെങ്കിലും വിക്കറ്റിനിടയിലെ ഓട്ടത്തിലൂടെ 8, 12, 8 എന്നിങ്ങനെ സ്‌കോര്‍ ചെയ്യാന്‍ സഖ്യത്തിനായി. 16-ാം ഓവറില്‍ നാല് ഡബിളുകളാണ് കോലി-ധോനി സഖ്യം നേടിയത്.

രണ്ടോവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത ജെയിംസ് ഫോക്ക്നര്‍ 18-ാം ഓവര്‍ എറിയാനെത്തുമ്പോള്‍ ഇന്ത്യക്ക് വിജയത്തിലേക്ക് ദൂരം 39 റണ്‍സ്. എന്നാല്‍ ഈ ഓവറില്‍ കളിമാറി. തൊട്ടുമുമ്പത്തെ ഓവറില്‍ അര്‍ധസെഞ്ചുറി കടന്ന കോലി ബാറ്റിങ് ടോപ്പ് ഗിയറിലേക്ക് മാറ്റിയപ്പോള്‍ ഓവറില്‍ പിറന്നത് 19 റണ്‍സ്. ബൗണ്ടറികള്‍ തടയാന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് അതിര്‍ത്തിവരയ്ക്കടുത്ത ഫീല്‍ഡര്‍മാരെ വിന്ന്യസിച്ചാണ് തന്ത്രമൊരുക്കിയത്. എന്നാല്‍ ടൈമിങ്ങിലും പ്ലെയ്സ്മെന്റിലും കോലി കൃത്യത പുലര്‍ത്തിയപ്പോള്‍ ഓസീസ് ടീം ചിത്രത്തിലേ ഇല്ലാതായി. 

ഫോക്ക്നറുടെ ആദ്യ പന്തില്‍ കോലിയുടെ പുള്‍ ബാക്ക്വേഡ് സ്‌ക്വയര്‍ലെഗ് ബൗണ്ടറി. ഓഫ് സ്റ്റമ്പിന് പുറത്തുവന്ന തൊട്ടടുത്ത ഫുള്‍ ലെങ്ത് പന്തില്‍ കോലിയുടെ മാജിക് ടച്ച്, പന്ത് നിമിഷങ്ങള്‍ക്കകം അതിര്‍ത്തിവര കടന്നു. അടുത്ത പന്തില്‍ ക്രീസിന് പുറത്തിറങ്ങിയ കോലിക്ക് ഷോട്ട് പിച്ച് പന്ത് ഉദ്ദേശിച്ചിടത്ത് കിട്ടിയില്ല. കൃത്യമായ ടൈമിങ്ങില്ലാതെ വൈഡ് ലോങ് ഓഫിലേക്ക് ഉയര്‍ത്തിയടിച്ച പന്ത് പക്ഷേ പതിച്ചത് കാണികള്‍ക്കിടയില്‍. കളി ഇന്ത്യയുടെ വരുതിയിലേക്ക്. ജയിക്കാന്‍ രണ്ടോവറില്‍ 20 റണ്‍സ്.

തൊട്ടടുത്ത കോള്‍ട്ടര്‍ നെയ്ലിന്റെ ഓവറില്‍ കോലി നേടിയത് നാല് ബൗണ്ടറികള്‍. പന്തുകള്‍ കോലി തലങ്ങും വിലങ്ങും പായിച്ചപ്പോള്‍ നെയ്ലിന് ലക്ഷ്യബോധം നഷ്ടമായി. ഓവറില്‍ മൂന്ന് ഓഫ് സൈഡ് ബൗണ്ടറി നേടിയ കോലി ഒരെണ്ണം ഫൈന്‍ ലെഗിലേക്കും പായിച്ചു. തുടര്‍ച്ചയായി ബൗണ്ടറികള്‍ പിറന്നപ്പോള്‍ ഗ്രൗണ്ടില്‍ ഫീല്‍ഡര്‍മാരുണ്ടോ എന്നുപോലും സംശയം തോന്നി. ഫീല്‍ഡര്‍മാര്‍ക്ക് പന്ത് പിന്തുടരാന്‍ പോലും അവസരം നല്‍കാതെ അത്രയേറെ കൃത്യമായിരുന്നു കോലിയുടെ ഷോട്ടുകള്‍.

19-ാം ഓവറില്‍ 16 റണ്‍സ് പിറന്നതോടെ അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് നാല് റണ്‍സ്. പതിവു തെറ്റിക്കാതെ ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേക്ക് പായിച്ച് ധോനി ഇന്ത്യന്‍ വിജയവും സെമി പ്രവേശവും യാഥാര്‍ത്ഥ്യമാക്കി. 2015 മാര്‍ച്ച് 26ന് ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യയെ തോല്‍പിച്ച ഓസീസിനോടുള്ള ടീം ഇന്ത്യയുടെയും മത്സരത്തില്‍ ഒരു റണ്‍സിന് പുറത്തായ കോലിയുടെയും മധുരപ്രതികാരം കൂടിയായി കൃത്യം ഒരു വര്‍ഷത്തിന് ശേഷമുള്ള (2016 മാര്‍ച്ച് 27) ഈ വിജയം.

Content Highlights: India vs Australia T20 world cup match 2016