കൂട്ടുകാരോടൊപ്പം തമാശ പങ്കിട്ട് സ്‌കൂളില്‍ പോകുന്ന പ്രായത്തില്‍ ദേശീയ ടീമിന് ലോകകപ്പില്‍ മത്സരിക്കാനുള്ള ജഴ്‌സി ഡിസൈന്‍ ചെയ്ത് പന്ത്രണ്ടുകാരി. യു.എ.ഇയിലും ഒമാനിലുമായി നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ മത്സരിക്കുന്ന സ്‌കോട്ട്‌ലന്റ് ടീമിന്റെ ജഴ്‌സിയാണ് റബേക്ക ഡൗണിയെന്ന സ്‌കൂള്‍ വിദ്യാര്‍ഥിനി ഒരുക്കിയെടുത്തത്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ സ്‌കോട്ട്‌ലന്റ് ടീം റബേക്കയ്ക്ക് നന്ദി അറിയിച്ചു.

'ഇതാണ് നമ്മുടെ ടീമിന്റെ ജഴ്‌സി ഡിസൈന്‍ ചെയ്ത ഈസ്റ്റ് ലോതിയാനയിലെ ഹഡ്ഡിങ്റ്റണില്‍ നിന്നുള്ള പന്ത്രണ്ടുകാരി റബേക്ക ഡൗണി. ടീമിന്റെ ജഴ്‌സി ധരിച്ച് അവള്‍ ഇന്ന് നമ്മുടെ മത്സരം കണ്ടു'. ടെലിവിഷന്‍ സ്‌ക്രീനിന് മുന്നില്‍ സ്‌കോട്ട്‌ലന്റിന്റെ ജഴ്‌സി ധരിച്ച് ചിരിച്ചുനില്‍ക്കുന്ന റബേക്കയുടെ ചിത്രവും ട്വീറ്റിനൊപ്പമുണ്ട്.

രാജ്യത്തിലുടനീളമുള്ള 200 സ്‌കൂള്‍ വിദ്യാര്‍ഥികില്‍ നിന്ന് റബേക്കയുടെ ജഴ്‌സി സ്‌കോട്ട്‌ലന്റ് ക്രിക്കറ്റ് ബോര്‍ഡ് തിരഞ്ഞെടുക്കുകയായിരുന്നു. ദേശീയ ചിഹ്നമായ കള്ളിമുള്‍ച്ചെടിയില്‍ നിന്നാണ് ജഴ്‌സിയിലെ നിറമായ പര്‍പ്പ്ള്‍ റബേക്ക തിരഞ്ഞെടുത്തത്. ലോകകപ്പില്‍ തകര്‍പ്പന്‍ തുടക്കമാണ് സ്‌കോട്ട്‌ലന്റിന് ലഭിച്ചത്. യോഗ്യതാ റൗണ്ടില്‍ കരുത്തരായ ബംഗ്ലാദേശിനെ ആറു റണ്‍സിന് അവര്‍ അട്ടിമറിച്ചു.

Content Highlights: Cricket Scotland thank 12 year old schoolgirl their T20 World Cup kit designer