ട്വന്റി-20 ലോകകപ്പില്‍ സ്‌കോട്ട്‌ലന്റ് ബംഗ്ലാദേശിനെ അട്ടിമറിച്ചപ്പോള്‍ താരമായത് ക്രിസ് ഗ്രീവ്‌സ് എന്ന ഓള്‍റൗണ്ടറാണ്. 28 പന്തില്‍ 45 റണ്‍സ് നേടിയതിനൊപ്പം നിര്‍ണായകമായ രണ്ടു വിക്കറ്റുകളും വീഴ്ത്തി ഗ്രീവ്‌സ് സ്‌കോട്ട്‌ലന്റിന് ആറു റണ്‍സ് വിജയം സമ്മാനിച്ചു. അപകടകാരികളായ ഷക്കീബുല്‍ ഹസ്സനേയും മുഷ്ഫിഖുര്‍ റഹീമിനേയുമാണ് ഗ്രീവ്‌സ് പുറത്താക്കിയത്. ഇതോടെ 141 റണ്‍സെന്ന കുഞ്ഞന്‍ വിജയലക്ഷ്യം മറികടക്കാന്‍ ബംഗ്ലാദേശിന് കഴിഞ്ഞില്ല.

എന്നാല്‍ നേട്ടത്തിന്റെ കൊടുമുടിയിലേക്കുള്ള സ്‌കോട്ടിഷ് താരത്തിന്റെ  യാത്ര എളുപ്പമായിരുന്നില്ല. കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ സഞ്ചരിച്ചാണ് ലോകകപ്പ് വരെയെത്തിയത്. ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ആമസോണിലൂടെ ആളുകള്‍ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ മേല്‍വിലാസങ്ങളില്‍ എത്തിക്കുന്നതായിരുന്നു പണ്ട് ഗ്രീവ്‌സിന്റെ ജോലി. സ്‌കോട്ട്‌ലന്റ് ക്യാപ്റ്റന്‍ കെയ്ല്‍ കോറ്റ്‌സറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'അദ്ദേഹം ഒരുപാട് ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആമസോണിന്റെ ഡെലിവെറി ബോയ് ആയിരുന്നു ഗ്രീവ്‌സ്. ഇപ്പോള്‍ ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് ആയിരിക്കുന്നു. ഗ്രീവ്‌സ് സ്‌കോട്ട്‌ലന്റുമായി കരാറുള്ള താരമല്ല. സ്വന്തമായി ഇടം നേടിയെടുക്കാന്‍ ഒരുപാട് പ്രയത്‌നങ്ങള്‍ ചെയ്തിട്ടുണ്ട്. ഇവിടെ അടുത്താണ് അദ്ദേഹം ലോകകപ്പിനുള്ള പരിശീലനം പോലും തുടങ്ങിയത്.' ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ കെയ്ല്‍ കോറ്റ്‌സര്‍ പറയുന്നു

Content Highlights: Chris Greaves’ struggle before making it big T20 World Cup Cricket