ഷാര്‍ജ: ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനെതിരേ മികച്ച പ്രകടനം പുറത്തെടുത്ത വെറ്ററന്‍ താരം ഷുഐബ് മാലിക്കിനെ അഭിനന്ദിച്ച് ഇന്ത്യയുടെ മുന്‍ പേസ് ബൗളര്‍ സഹീര്‍ ഖാന്‍. പാക് സെലക്ടര്‍മാരോട് മാലിക്ക് നീതി കാണിച്ചെന്നും സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ക്ഷമയോടെ ബാറ്റുചെയ്യുകയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും സഹീര്‍ ഖാന്‍ വ്യക്തമാക്കി. 

'ഷുഐബ് മാലിക്കിനെപ്പോലെയുള്ള സീനിയര്‍ താരങ്ങള്‍ ഇപ്പോഴും കളിക്കുന്നത് എന്താണെന്ന് ആരാധകര്‍ ഇടയ്ക്ക് ചോദിക്കാറുണ്ട്. അവര്‍ കളിക്കുന്നതിന്റെ കാരണം ഇതുതന്നെയാണ്. ഇതുപോലെയുള്ള സമ്മര്‍ദ്ദ സമയങ്ങള്‍ എങ്ങനെ അതിജീവിക്കണമെന്ന് അവര്‍ക്ക് അറിയാം', ക്രിക്ക് ബസിന് നല്‍കിയ അഭിമുഖത്തില്‍ സഹീര്‍ പറയുന്നു. 

ഷാര്‍ജ ക്രിക്കറ്റ് ഗ്രൗണ്ടില്‍ കിവീസിനെതിരേ 20 പന്തില്‍ നിന്ന് 26 റണ്‍സാണ് 39-കാരനായ മാലിക്ക് നേടിയത്. മാലിക് ക്രീസിലെത്തുമ്പോള്‍ ഫോമിലുള്ള ബാബര്‍ അസമിന്റേതടക്കം മൂന്നു വിക്കറ്റുകള്‍ പാകിസ്താന് നഷ്ടപ്പെട്ടിരുന്നു. പിന്നീട് മുഹമ്മദ് റിസ്‌വാന്‍ കൂടി ഔട്ടായതോടെ പാകിസ്താന്റെ നില പരുങ്ങലിലായി. ആ സമയത്ത് പാകിസ്താന് 50 പന്തില്‍ വിജയിക്കാന്‍ 66 റണ്‍സ് വേണമായിരുന്നു. മാലിക്കിനൊപ്പം 12 പന്തില്‍ 27 റണ്‍സുമായി ആസിഫ് അലി കൂടി ചേര്‍ന്നതോടെ പാകിസ്താന്‍ വിജയതീരത്തെത്തി. 

പരിക്കേറ്റ ഷുഐബ് മഖ്‌സൂദിന് പകരക്കാരനായി അവസാന നിമിഷമാണ് മാലിക്ക് 15 അംഗ ടീമില്‍ ഇടം നേടിയത്.

Content Highlights: Zaheer Khan lauds Shoaib Malik for his knock against New Zealand