ഇസ്ലാമാബാദ്: ഇന്ത്യ - പാകിസ്താന്‍ ട്വന്റി 20 ലോകകപ്പ് മത്സരത്തിനിടെ പാക് താരം മുഹമ്മദ് റിസ്‌വാന്റെ നമസ്‌കാരത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് മുന്‍താരം വഖാര്‍ യൂനിസ്. 

മത്സരത്തിനിടെ മുഹമ്മദ് റിസ്‌വാന്‍ മൈതാനത്ത് നമസ്‌കരിച്ചിരുന്നു. ഇതിനു പിന്നാലെ ഹിന്ദുക്കള്‍ക്കു മുന്നില്‍ റിസ്‌വാന്‍ നമസ്‌കരിക്കുന്നത് കണ്ടതാണ് തനിക്ക് സവിശേഷമായി തോന്നിയതെന്ന വഖാറിന്റെ പ്രസ്താവനയാണ് വിവാദമായത്. ഒരു ചാനലിലെ ടോക് ഷോയിലായിരുന്നു വഖാറിന്റെ വാക്കുകള്‍.

ഇതോടെ വലിയ വിമര്‍ശനമാണ് ഇദ്ദേഹത്തിനെതിരേ ഉയര്‍ന്നത്. രാഷ്ട്രീയ നേതാക്കളും ക്രിക്കറ്റ് താരങ്ങളും വഖാറിനെതിരെ രംഗത്തുവന്നു.

നിരാശാജനകമായ പ്രതികരണമാണ് വഖാര്‍ നടത്തിയതെന്ന് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ ട്വീറ്റ് ചെയ്തു.

മുന്‍ താരങ്ങളായ വെങ്കടേഷ് പ്രസാദ്, ആകാശ് ചോപ്ര എന്നിവരും വിമര്‍ശനവുമായി രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്വിയും കടുത്ത ഭാഷയിലാണ് വഖാറിനെ വിമര്‍ശിച്ചത്.

വിമര്‍ശനങ്ങള്‍ കടുത്തതോടെയാണ് വഖാര്‍ ട്വിറ്ററില്‍ മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. 

അപ്പോഴത്തെ ആവേശത്തില്‍ പറഞ്ഞുപോയതാണെന്നും ആരുടെയും വികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചായിരുന്നില്ല അങ്ങനെ പറഞ്ഞതെന്നും വഖാര്‍ കുറിച്ചു. 

Content Highlights: waqar younis apologised on his mohammad rizwan on field namaz comment