ദുബായ്: പരിക്കിന് ശേഷം തിരിച്ചെത്തിയ ഹാര്‍ദിക് പാണ്ഡ്യ ബാറ്റ് കൊണ്ടും മികവ് കാണിച്ചിട്ടില്ല. ബൗളിങ്ങ് ചെയ്യുന്നില്ലെങ്കില്‍ ഹാര്‍ദിക് ലോകകപ്പ് ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്ന വിമര്‍ശനമാണ് മുന്‍ താരങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ ഇത് തള്ളിയ കോലി ഹാര്‍ദികിനെ ബാറ്റര്‍ എന്ന നിലയില്‍ പിന്തുണച്ചു രംഗത്ത്. ആറാം നമ്പറില്‍ അവന്‍ ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. കളിയുടെ ഗതി നിര്‍ണയിക്കാനുള്ള ഇന്നിങ്‌സ് കളിക്കാനുള്ള കെല്‍പ്പ് ഹാര്‍ദിക്കിനുണ്ടെന്നും അങ്ങനെയുള്ള താരങ്ങള്‍ ഒരു സുപ്രഭാതത്തില്‍ ഉണ്ടാകുന്നതല്ലെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടി20 ലോകകപ്പില്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ബൗള്‍ ചെയ്യുമെന്നും കോലി പറഞ്ഞു. ഹാര്‍ദിക് പൂര്‍ണ കായികക്ഷമത വീണ്ടെടുക്കുന്നതിനോട് അടുക്കുകയാണെന്നും കോലി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ആറാം നമ്പര്‍ ബാറ്ററായിട്ടാണ് ഹാര്‍ദിക് ടീമിലുള്ളത്. എന്നാല്‍ ടൂര്‍ണമെന്റില്‍ ഏതെങ്കിലുമൊരു മത്സരത്തില്‍ അവന്‍ ഒന്നോ രണ്ടോ ഓവറുകള്‍ എറിയും- കോലി മാധ്യമങ്ങളോട് പറഞ്ഞു.

മെന്ററായി എം.എസ് ധോണി ടീമിനൊപ്പമുള്ള സാഹചര്യത്തില്‍ ഹാര്‍ദിക്കിനെ ഒരു ഫിനിഷറുടെ റോളിലേക്ക് കൂടുതല്‍ പരുവപ്പെടുത്തിയെടുക്കുകയെന്ന ലക്ഷ്യമാണ് ടീമിനുള്ളതെന്ന് കോലിയുടെ വാക്കുകളില്‍ വ്യക്തം. അതേസമയം നാളെ ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികള്‍. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന പോരാട്ടം. ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു ടീമുകളും ഇപ്പോള്‍ നേര്‍ക്കുനേര്‍ വരാറുള്ളത്. 2019 ഏകദിന ലോകകപ്പിലാണ് അവസാനമായി ഇന്ത്യ-പാക് പോരാട്ടം നടന്നത്.

പാകിസ്താനെതിരെയുള്ള മത്സരത്തെ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും കോലി പറഞ്ഞു. പാകിസ്താന്‍ ശക്തമായ ടീമാണ്. അവരെ ചെറിയ എതിരാളികളായി കാണാനാകില്ല. എന്നാല്‍ ഇന്ത്യന്‍ ടീം ശക്തമാണെന്നും നായകന്‍ പറഞ്ഞു. അതേസമയം പാകിസ്താനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യന്‍ ലൈനപ്പ് എപ്രകാരമായിരിക്കുമെന്ന് വെളിപ്പെടുത്താന്‍ കോലി തയ്യാറായില്ല.

Content Highlights: Virat Kohli on when hardik pandya will bowl