ദുബായ്: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിനായി ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സൂപ്പര്‍ താരങ്ങള്‍ നിറഞ്ഞ ടീമിനൊപ്പം അവരുടെ കുടുംബാംഗങ്ങളും യു.എ.ഇയിലെത്തിയിട്ടുണ്ട്. ഇതില്‍ ഏറ്റവും ശ്രദ്ധാകേന്ദ്രം പാക് താരം ഷുഐബ് മാലിക്കിന്റെ ഭാര്യ സാനിയ മിര്‍സയും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യ അനുഷ്‌കാ ശര്‍മയുമാണ്. 

ക്വാറന്റെയ്‌നിന് ശേഷം അനുഷ്‌കയും ഒമ്പത് മാസം പ്രായമുള്ള മകള്‍ വാമികയും വിരാട് കോലിക്കൊപ്പം ഇന്ത്യന്‍ ടീമിന്റെ ബയോ ബബ്‌ളില്‍ ചേര്‍ന്നു. ഇരുവര്‍ക്കുമൊപ്പം ടീം ഹോട്ടലില്‍ ഇരുന്ന് പ്രഭാത ഭക്ഷണം കഴിക്കുന്ന ചിത്രം കോലി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതുപോലെ സാനിയയും രണ്ടു വയസ്സുകാരനായ മകന്‍ ഇസ്ഹാന്‍ മിര്‍സ മാലിക്കും ഷുഐബ് മാലിക്കിനൊപ്പം ടീം ഹോട്ടലിലെത്തി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളൊന്നും സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടില്ല. ട്വന്റി-20 ലോകകപ്പ് സമയത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇടില്ലെന്ന് ഇന്ത്യന്‍ ടെന്നീസ് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. വിവാദങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാനാണ് ഇതെന്നും സാനിയ പറഞ്ഞിരുന്നു.

പരിക്കേറ്റ ഷുഐബ് മഖ്‌സൂദിന് പകരക്കാരനായി അവസാന നിമിഷമാണ് മാലിക്ക് പാകിസ്താന്റെ 15 അംഗ ടീമില്‍ ഇടം നേടിയത്. 2007-ലെ പ്രഥമ ട്വന്റി-20 ലോകകപ്പില്‍ പാകിസ്താനെ നയിച്ചത് മാലിക് ആയിരുന്നു. 2009-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ പാകിസ്താന്‍ കിരീടം നേടിയപ്പോള്‍ മാലിക്ക് ടീമംഗമായിരുന്നു. 

Content Highlights: Virat Kohli Enjoys Breakfast With Anushka Sharma And Daughter Vamika In Dubai