ദുബായ്:  ട്വന്റി-20 ലോകകപ്പില്‍ രണ്ടാം സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ബൗളിങ്ങില്‍ പരീക്ഷണം നടത്തി ഇന്ത്യ. സാക്ഷാല്‍ വിരാട് കോലിയാണ് ഓസീസിനെതിരേ പന്തെടുത്തത്. ഓസീസ് ഇന്നിങ്‌സിന്റെ ഏഴാം ഓവറിലാണ് കോലി ബൗള്‍ ചെയ്യാനെത്തിയത്. സ്റ്റീവ് സ്മിത്തും ഗ്ലെന്‍ മാക്‌സ്‌വെല്ലുമായിരുന്നു ക്രീസില്‍. ആ ഓവറില്‍ കോലി വഴങ്ങിയത് രണ്ട് റണ്‍സ് മാത്രമാണ്. 

ഇതിന് പിന്നാലെ കോലിയുടെ ബൗളിങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. മെന്ററായ എം.എസ് ധോനിയാണോ ഇതിന് പിന്നിലെന്നായിരുന്നു ആരാധകരുടെ സംശയം. വിരാട് കോലിക്ക് പകരം രോഹിത് ശര്‍മയാണ് സന്നാഹ മത്സരത്തില്‍ ഇന്ത്യയെ നയിക്കുന്നത്. 

ഇന്ത്യ ആറാം ബൗളിങ് ഓപ്ഷന്‍ തേടുന്നുണ്ടെന്ന് മത്സരത്തിന് മുമ്പ് രോഹിത് ശര്‍മ പറഞ്ഞിരുന്നു. ബാറ്റിങ് വിഭാഗത്തില്‍ നിന്ന് പാര്‍ട് ടൈം ബൗളറെ ഉപയോഗപ്പെടുത്താനായിരുന്നു പദ്ധതി. കോലി ബൗള്‍ ചെയ്യാനെത്തിയത് ഇതിന്റെ ഭാഗമാണെന്നാണ് സൂചന. അതേസമയം കോലി ബാറ്റിങ്ങിന് ഇറങ്ങില്ല. പകരം ഇഷാന്‍ കിഷന്‍ മൂന്നാമത് ഇറങ്ങും. 

Content Highlights: Virat Kohli bowls one over in 2021 T20 World Cup warm-up match vs Australia