ദുബായ്: ട്വന്റി-20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിലെ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിന്റെ ഫോമിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. അടുത്തിടെ സമാപിച്ച ഐപിഎല്‍ പതിനാലാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ജഴ്‌സിയില്‍ മോശം പ്രകടനമാണ് ഭുവനേശ്വര്‍ പുറത്തെടുത്തത്. ഇതിന് പിന്നാലെ പേസ് ബൗളറുടെ ഫോമിനെ കുറിച്ച് ചര്‍ച്ചകള്‍ സജീവമായിരുന്നു.

'ഭുവിയുടെ ഫോമിനെ കുറിച്ച് ആശങ്കയൊന്നുമില്ല. അദ്ദേഹത്തിന്റെ ഇക്കോണമി ഇപ്പോഴും മികച്ചതാണ്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ഗുണം ചെയ്യും. ഐപിഎല്ലില്‍ ആര്‍സിബിക്കെതിരായ മത്സരത്തില്‍ എബി ഡിവില്ലിയേഴ്‌സിനെ ഭുവി വരിഞ്ഞുമുറുക്കിയത് നമ്മള്‍ കണ്ടതാണ്. ഗ്രൗണ്ടിന്റെ രൂപമനുസരിച്ച് ബാറ്റ്‌സ്മാന്‍മാര്‍ പന്ത് ഹിറ്റ് ചെയ്യുന്ന ഇടങ്ങള്‍, ഏത് സമയം എങ്ങനെ ബൗള്‍ ചെയ്യണം എന്നിവയെ കുറിച്ചെല്ലാം ഭുവനേശ്വറിന് കൃത്യമായി അറിയാം. മികച്ച ലെങ്തില്‍ തുടര്‍ച്ചയായി പന്തെറിയാന്‍ കഴിയുന്ന താരത്തെ ട്വന്റി-20 ക്രിക്കറ്റില്‍ നിന്ന് തഴയുക എളുപ്പമല്ല. ഭുവിയുടെ പരിചയസമ്പത്തും കൃത്യതയും ഇന്ത്യന്‍ ടീമിന് വിലമതിക്കാനാകാത്തതാണ്.' കോലി വ്യക്തമാക്കുന്നു. 

ഐപിഎല്‍ 14-ാം സീസണില്‍ യു.എ.ഇയില്‍ നടന്ന രണ്ടാം ഘട്ടത്തില്‍ ആറ് മത്സരങ്ങളില്‍ മൂന്നു വിക്കറ്റ് മാത്രമാണ് ഭുവി നേടിയത്. ആര്‍സിബിക്കെതിരായ മത്സരത്തില്‍ ഡിവില്ലിയേഴ്‌സ് ക്രീസില്‍ നില്‍ക്ക അവസാന ഓവറില്‍ 12 റണ്‍സ് ഭുവനേശ്വര്‍ പ്രതിരോധിച്ചിരുന്നു.

Content Highlights: Virat Kohli backs Bhuvneshwar Kumar to come good at T20 World Cup