ദുബായ്: ഐ.പി.എല്‍ 14-ാം സീസണില്‍ യു.എ.ഇയില്‍ നടന്ന രണ്ടാം പാദത്തില്‍ തന്റെ പന്തുകളുടെ വേഗത കൊണ്ട് ശ്രദ്ധ നേടിയ താരമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ജമ്മു കശ്മീര്‍ താരം ഉമ്രാന്‍ മാലിക്ക്. 

ഈ സീസണിലെ തന്നെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ ഉമ്രാനെ തേടി ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ വിളിയെത്തിയതായാണ് റിപ്പോര്‍ട്ട്. ട്വന്റി 20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ നെറ്റ് ബൗളറായാണ് താരത്തിന് ക്ഷണം ലഭിച്ചിരിക്കുന്നത്. 

ഇതിനാല്‍ ഉമ്രാനോട് യു.എ.ഇയില്‍ തന്നെ തുടരാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരേ 152.95 കി.മീ വേഗത്തില്‍ പന്തെറിഞ്ഞ ഉമ്രാന്‍ ഇത്തവണത്തെ സീസണിലെ ഏറ്റവും വേഗമേറിയ പന്തെന്ന റെക്കോഡ് സ്വന്തമാക്കിയിരുന്നു. 

സണ്‍റൈസേഴ്‌സും നെറ്റ് ബൗളറായാണ് ഉമ്രാനെ ടീമിലെടുത്തിരുന്നത്. എന്നാല്‍ ടി. നടരാജന് കോവിഡ് ബാധിച്ചതോടെ മാലിക്കിന് ടീമിലേക്ക് അപ്രതീക്ഷിതമായി വിളിയെത്തുകയായിരുന്നു.

Content Highlights: Umran Malik asked to stay back in UAE as net bowler for the Indian