ദുബായ്: ട്വന്റി-20 ലോകകപ്പില്‍ വര്‍ണവിവേചനത്തിനെതിരേ മുട്ടു കുത്തി നിന്നുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമാകില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. നേരത്തെ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡികോക്ക് മുട്ടുകുത്തി നില്‍ക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഈ കാരണത്താല്‍ ട്വന്റി-20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ നിന്ന് ഡികോക്ക് പിന്മാറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും നിലപാട് വ്യക്തമാക്കിയത്. 

ഈ വര്‍ഷം ആദ്യം വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്ക് മുമ്പാണ് ഈ പ്രതിഷേധത്തിന്റെ ഭാഗമാകേണ്ടെതില്ലെന്ന് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കളിക്കാരോട് പറഞ്ഞത്. ലോകകപ്പിലും ഇതേ നിലപാട് പിന്തുടരണമെന്നാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ നിര്‍ദേശം.

നേരത്തെ വംശീയതക്ക് എതിരായ പ്രതിഷേധത്തില്‍ ബ്ലാക്ക് ലൈവ്‌സ് മാറ്ററിന് പിന്തുണയുമായി നിരവധി ടീമുകള്‍ മുട്ടുകുത്തി നിന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. വെസ്റ്റിന്‍ഡീസ്-ഇംഗ്ലണ്ട് മത്സരത്തില്‍ ഇരുടീമുകളും പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. നെഞ്ചില്‍ െൈകവെച്ചായിരുന്നു പാകിസ്താന്റെ ഐക്യദാര്‍ഢ്യം. വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും ഗ്രൗണ്ടില്‍ മുട്ടുകുത്തി നിന്നു. 

Content Highlights: T20 World Cup 2021 SLC Directs Sri Lankan Team Not To Take The Knee In Support Of BLM Movement