അബൂദാബി:  ട്വന്റി-20 ലോകകപ്പില്‍ ബൗളിങ്ങില്‍ വിസ്മയം തീര്‍ത്ത് അയര്‍ലന്റ് താരം കെര്‍ട്ടിസ് കാംഫെര്‍. നെതര്‍ലന്റ്‌സിനെതിരായ മത്സരത്തില്‍ ഒരോവറിലെ തുടര്‍ച്ചയായ നാല് പന്തില്‍ നാല് വിക്കറ്റ് വീഴ്ത്തി ഐറിഷ് താരം റെക്കോഡ് പുസ്തകത്തില്‍ ഇടംപിടിച്ചു. ട്വന്റി-20യില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ബൗളറാണ് കാംഫെര്‍. 

വലങ്കയ്യന്‍ പേസ് ബൗളറായ കാംഫെര്‍ 10-ാം ഓവറിലാണ് നാല് വിക്കറ്റെടുത്തത്. ആദ്യ പന്ത് വൈഡ് ആയി. പിന്നീടുള്ള തുടര്‍ച്ചയായ പന്തുകളിലായിരുന്നു നേട്ടം. കോളിന്‍ അക്കര്‍മാന്‍(11), റയാന്‍ ടെന്‍ ഡോസ്‌ചേറ്റ്(0), സ്‌കോട്ട് എഡ്വേര്‍ഡ്‌സ് (0), റോലോഫ് വാന്‍ ഡെര്‍ മെര്‍വ് (0) എന്നിവരാണ് പുറത്തായത്.

ഇതിന് മുമ്പ് ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗയും അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനുമാണ് ഈ നേട്ടത്തിലെത്തിയത്. 2007 ട്വന്റി-20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സൂപ്പര്‍ എട്ട് മത്സരത്തിലായിരുന്നു മലിംഗ റെക്കോഡിട്ടത്. 10 വര്‍ഷങ്ങള്‍ക്ക് ശേഷം മലിംഗ നേട്ടം ആവര്‍ത്തിച്ചു. 2019-ല്‍ ന്യൂസീലന്റിനെതിരായ മത്സരത്തിലായിരുന്നു ഇത്. 2019-ല്‍ ഡെറാഡൂണില്‍ നടന്ന മത്സരത്തില്‍ അയര്‍ലന്റിനെതിരേ ആയിരുന്നു റാഷിദ് ഖാന്‍ നാല് വിക്കറ്റ് വീഴ്ത്തിയത്. 

ട്വന്റി-20 ലോകകപ്പില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടം കൂടി ഐറിഷ് താരം സ്വന്തം പേരിലെഴുതി. 2007-ല്‍ ബംഗ്ലാദേശിനെതിരേ ഹാട്രിക് നേടിയ ബ്രെറ്റ്‌ലീ മാത്രമാണ് കാംഫെറിന് മുന്നിലുള്ളത്. ട്വന്റി-20യില്‍ ഹാട്രിക് നേടുന്ന ആദ്യ ഐറിഷ് താരം കൂടിയാണ് 22-കാരന്‍. 

ഇതോടെ മത്സരത്തില്‍ രണ്ടു വിക്കറ്റിന് 51 റണ്‍സ് എന്ന നിലയിലായിരുന്ന നെതര്‍ലന്റ്‌സ് ആറു വിക്കറ്റിന് 51 എന്ന നിലയിലേക്ക് കൂപ്പുകുത്തി. നാല് ഓവറില്‍ നാല് വിക്കറ്റ് വീഴ്ത്തിയ കാംഫെര്‍ വഴങ്ങിയത് 26 റണ്‍സ് മാത്രമാണ്.

Content Highlights: T20 WC Ireland vs Netherlands Curtis Campher becomes third bowler to pick 4 wickets in 4 balls