ദുബായ്: ട്വന്റി-20 ലോകകപ്പോടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്ന വിരാട് കോലിക്കായി കിരീടം നേടൂ എന്ന് ഇന്ത്യന്‍ ടീമിനോട് മുന്‍താരം സുരേഷ് റെയ്‌ന. ലോകകപ്പിന് തൊട്ടുമുമ്പ് ഐപിഎല്‍ കളിക്കാനായത് താരങ്ങള്‍ക്ക് മികച്ച തയ്യാറെടുപ്പ് നടത്താനുള്ള അവസരമായെന്നും റെയ്‌ന പറയുന്നു.

'ട്വന്റി-20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിനുള്ള എന്റെ സന്ദേശം ലളിതമാണ്. വിരാട് കോലിക്കായി കിരീടം നേടുക. ട്വന്റി-20 ലോകകപ്പില്‍ ക്യാപ്റ്റിനായി കോലിയുടെ അവസാന മത്സരമായിരിക്കും ഇത്.അതിനാല്‍ ഈ ലോകകപ്പ് കോലിക്ക് ഏറെ നിര്‍ണായകമാണ്. മികച്ച പ്രകടനം പുറത്തെടുക്കുക മാത്രമാണ് ചെയ്യേണ്ടത്.'  റെയ്‌ന വ്യക്തമാക്കുന്നു. 

ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമാകുക ആദ്യ മൂന്നു ബാറ്റര്‍മാരുടെ പ്രകടനമായിരിക്കും. രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍ എന്നിവര്‍ ആദ്യ 15 ഓവറില്‍ കളിച്ചാല്‍ അത് ഇന്ത്യക്ക് അടിത്തറ നല്‍കും. ഇവരോടൊപ്പം മധ്യനിരയില്‍ ഋഷഭ് പന്തും കൂറ്റനടികളുമായി കളം നിറയാന്‍ കഴിയുന്ന ഹാര്‍ദിക് പാണ്ഡ്യയും ചേരുന്നതോടെ ഏതൊരു വിജയലക്ഷ്യവും ഇന്ത്യക്ക് മറികടക്കാനാകും. റെയ്‌ന കൂട്ടിച്ചേര്‍ത്തു. 

ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബര്‍ 24-ന് ആണ്. പാകിസ്താനാണ് എതിരാളികള്‍. 

Content Highlights:  Suresh Raina wants Team India to win T20 WC for Virat Kohli