ലാഹോര്‍:  ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്ലാസിക് പോരാട്ടത്തിന് മുമ്പ് ഇന്ത്യന്‍ താരങ്ങളെ പ്രകീര്‍ത്തിച്ച് പാകിസ്താന്റെ മുന്‍താരം ഷുഐബ് അക്തര്‍. ഇന്ത്യന്‍ നിരയിലെ ചില താരങ്ങള്‍ക്ക് പാകിസ്താനില്‍ ഏറെ ആരാധകരുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഒരുപാട് ആരാധകരേയും ഞാന്‍ പാകിസ്താനില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കോലിയേക്കാള്‍ രോഹിത് ശര്‍മയ്ക്കാണ് പാകിസ്താനില്‍ ആരാധകരുള്ളത്. ഷുഐബ് അക്തര്‍ വ്യക്തമാക്കുന്നു.

'ഇന്ത്യക്ക് മികച്ച ടീമില്ല എന്നു പറയുന്ന ആരേയും ഇപ്പോള്‍ പാകിസ്താനില്‍ കാണില്ല. അവര്‍ മനസ്സ് തുറന്നാണ് ഇപ്പോള്‍ അഭിനന്ദിക്കുന്നത്. വിരാട് കോലി അവര്‍ക്ക് മികച്ച കളിക്കാരനാണ്. അതിലും മികച്ച താരമാണ് രോഹിത് ശര്‍മ എന്നാണ് അവര്‍ പറയുന്നത്. രോഹിത് ഇന്ത്യയുടെ ഇന്‍സമാമുല്‍ ഹഖ് ആണെന്നാണ് അവരുടെ അഭിപ്രായം. ഋഷഭ് പന്തിനെ അഭിനന്ദിക്കുന്നവരും ഒരുപാടുണ്ട്. പ്രത്യേകിച്ച് ഋഷഭിന്റെ ഓസ്‌ട്രേലിയയിലെ പ്രകടനം. സൂര്യകുമാര്‍ യാദവിനും ഒരുപാട് ആരാധകരുണ്ട്.'  ഷുഐബ് അക്തര്‍ തന്റെ യുട്യൂബ് ചാനലിലെ വീഡിയോയില്‍ പറയുന്നു.

തന്റെ അഭിപ്രായങ്ങള്‍ പണത്തിന് വേണ്ടിയാണെനന് വിമര്‍ശനങ്ങളോടും അക്തര്‍ പ്രതികരിച്ചു. 'എന്റെ വീഡിയോകള്‍ ശ്രദ്ധിച്ചാല്‍ അവിടെ വിരോധത്തിന് സ്ഥാനമില്ലെന്ന് കാണാനാകും. ഒരു മനുഷ്യന്‍ എന്ന നിലയില്‍ അഭിപ്രായങ്ങള്‍ സന്തുലിതമായിരിക്കണമെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യക്കാരെ വളരെയധികം സ്‌നേഹിക്കുന്ന പാകിസ്താനിയാണ് ഞാന്‍. അവരുടേയോ എന്റെയോ വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.' അക്തര്‍ വ്യക്തമാക്കുന്നു. 

Content Highlights: Shoaib Akhtar names batter whom Pakistan considers greater than Virat Kohli