ഒമാന്‍: ട്വന്റി 20 ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ അട്ടിമറി ജയം നേടി സ്‌കോട്ട്‌ലാന്‍ഡ്. ആറ് റണ്‍സിനാണ് സ്‌കോട്ട്‌ലാന്‍ഡിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലാന്‍ഡ് മുന്നോട്ടുവെച്ച 141 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു. 

സ്‌കോര്‍: സ്‌കോട്ട്‌ലാന്‍ഡ് - 20 ഓവറില്‍ 140/9. ബംഗ്ലാദേശ് - 20 ഓവറില്‍ 134/7. 

കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്ത ബൗളര്‍മാരാണ് സ്‌കോട്ട്‌ലാന്‍ഡിന് വിജയം സമ്മാനിച്ചത്. 36 പന്തില്‍ 38 റണ്‍സ് നേടിയ മുഷ്ഫിഖുര്‍ റഹീമാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറര്‍. സ്‌കോട്ട്‌ലാന്‍ഡിനായി ബ്രാഡ്‌ലി വീല്‍ മൂന്ന് വിക്കറ്റും ക്രിസ് ഗ്രേവ്‌സ് രണ്ട് വിക്കറ്റും നേടി. ജോഷ് ഡാവി, മാര്‍ക്ക് വാട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലാന്‍ഡിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 53 റണ്‍സ് എടുക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടമായി വലിയ തകര്‍ച്ച നേരിട്ട സ്‌കോട്ടിഷ് നിരയെ ക്രിസ് ഗ്രേവ്‌സും മാര്‍ക്ക് വാട്ടും ചേര്‍ന്നാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 51 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 17 പന്തില്‍ 22 റണ്‍സ് നേടിയാണ് വാട്ട് മടങ്ങിയത്. 28 പന്തില്‍ 45 റണ്‍സും നിര്‍ണായകമായ രണ്ട് വിക്കറ്റും നേടിയ ക്രിസ് ഗ്രേവ്‌സാണ് കളിയിലെ താരം. 

content highlights: Scotland Stun Bangladesh By 6 Runs In Thriller